ഷാജിയേട്ടാ... ആര്‍ യു ലിസണിങ്? ഐ ആം ഹെര്‍ട്ട്

സംവിധായകൻ ഷാജി എൻ കരുണിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ദേശീയ പുരസ്‌കാരം നേടിയ നടി അർച്ചന ചിത്രത്തിനു മുന്നിൽ നമസ്‌കരിക്കുന്നു / ഫോട്ടോ: ഡിവിറ്റ് പോൾ
സ്വന്തം ലേഖിക
തൃശൂര്‍
"ഷാജിയേട്ടാ... ആര്‍ യു ലിസണിങ്? ഐ ആം ഹെര്‍ട്ട് (ഷാജിയേട്ടാ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ...? എനിക്ക് വളരെ വേദനയുണ്ട്)'' ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ആദ്യ സിനിമ "പിറവി'യിലെ നായിക അര്‍ച്ചന കണ്ണീരോടെ വിതുമ്പി. ഷാജി എന്‍ കരുണ്‍ മെമ്മോറിയല്‍ കമ്മിറ്റി സംഘടിപ്പിച്ച ഷാജി എന്‍ കരുണ്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വേര്‍പാടിന്റെ വേദനയില്‍ വാക്കുകള്‍ മുറിഞ്ഞും ദീര്‍ഘനിശ്വാസത്തോടെയുമാണ് അവര്‍ അനുസ്‌മരണം പൂര്‍ത്തിയാക്കിയത്. ഷാജി എന്‍ കരുണിന്റെ അഭാവം വിശ്വസിക്കാനാവുന്നില്ല. ഗുരു എന്നതിനേക്കാള്‍ തന്നോടും കുടുംബത്തോടും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ തന്റെ അമ്മയ്ക്ക് മകനെയും തങ്ങള്‍ക്ക് മൂത്ത സഹോദരനെയും സുഹൃത്തിനെയും വഴികാട്ടിയെയും നഷ്ടമായി. ഇന്നും ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്. ഷാജി എന്‍ കരുണിന് പകരം വയ്ക്കാന്‍ മറ്റാരുമില്ല. സിനിമയ്ക്കായി ജീവിതം മാറ്റി വച്ച വ്യക്തിയാണ്. കഥകള്‍, തിരക്കഥകള്‍, ഛായാഗ്രഹണം, സംവിധാനം എന്നിവയിലൂടെ അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സമര്‍പ്പണവും അച്ചടക്കവുമുള്ള കലാകാരനായിരുന്നു അദ്ദേഹം. ഇത് രണ്ടും ചേര്‍ന്ന കലാകാരന്മാര്‍ അപൂര്‍വമാണ്. സിനിമയെ സ്നേഹിക്കാനും സിനിമ പഠിക്കുന്നത് തന്നെ കലയാണെന്നും അദ്ദേഹം പഠിപ്പിച്ചു. ഷാജി എന്‍ കരുണിനെ ആദ്യമായി കണ്ട ദിവസം ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസമായാണ് കരുതുന്നത്. വളര കുറച്ച് സിനിമകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളത്. റിയലിസ്റ്റിക്ക് സിനിമകളാണവയില്‍ കൂടുതലെന്നും അവര്‍ പറഞ്ഞു. ഷാജി എന്‍ കരുണിനെ അനുസ്മരിച്ച ഭൂരിഭാഗവും അദ്ദേഹം നഷ്ടപ്പെട്ട വേദനയില്‍ നിന്ന് മോചിതരാവാതെയാണ് സംസാരിച്ചത്. ഡോ. കെ ഗോപിനാഥൻ അധ്യക്ഷനായി. കലാമണ്ഡലം ക്ഷേമാവതി, പ്രകാശ് മൂർത്തി, എം തങ്കമണി, സണ്ണി ജോസഫ്, പ്രിയനന്ദനൻ, അമ്പിളി, അശ്വിൻ ശേഖർ, ശരത്ത് ദാസ്, പട്ടണം റഷീദ്, സതി പ്രേംജി, ടി കൃഷ്ണനുണ്ണി, മുരളി മേനോൻ, ഡോ. വത്സലൻ വാതുശ്ശേരി, ഐ ഷൺമുഖദാസ്, എം സി രാജ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.









0 comments