ഇൗ ഇ–ചലാൻ പിഴയല്ല ‘പണി’യാണ്

തൃശൂർ
വാഹന ഉടമകളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ സജീവം. വാഹന ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും, അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും കാണിച്ച് വാട്‌സ്ആപ്പിലും എസ്‌എംഎസ് വഴിയും വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സന്ദേശമാണെന്ന് തോന്നുന്ന രീതിയിലാണ് സന്ദേശം ലഭിക്കുന്നത്. തട്ടിപ്പുകാർ അയക്കുന്ന മെസേജുകളിൽ പിഴ അടയ്ക്കാനായി ഒരു ലിങ്ക് നൽകുകയോ അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്യും. എപികെ ഫോർമാറ്റിലാണ് ഫയലുണ്ടാകുക. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാരുടെ കൈകളിലാകും. തുടർന്ന്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലുള്ള പണം കവരുകയാണ് ഇവരുടെ രീതി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റേയോ ഇ- ചെല്ലാൻ പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://echallan.parivahan. gov.in മാത്രം ഉപയോഗിക്കുക. ഗതാഗത വകുപ്പോ പൊലീസോ ഒരിക്കലും വാട്സ്ആപ്പ് വഴി പിഴയടക്കാനുള്ള ലിങ്കുകളോ, ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയലുകളോ അയക്കാറില്ല. പിഴയടക്കാൻ എന്ന പേരിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും പുറത്തുനിന്നുള്ള ആപ്പുകൾ (എപികെഫയലുകൾ) ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.










0 comments