ad
Deshabhimani

പകർച്ചവ്യാധി പിടിയിൽ ജില്ല

ജൂണിൽ 
26,458 പേർക്ക്‌ പനി

വെബ് ഡെസ്ക്

Published on Jun 29, 2026, 12:02 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂര്‍

പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച വീഴ്‌ചയെ തുടർന്ന്‌ ജില്ലയിൽ പകർച്ചവ്യാധി വ്യാപനം രൂക്ഷം. ജൂണിൽ ഇതു വരെ 26,458 പേരാണ്‌ പനി ബാധിച്ച്‌ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്‌. ഇതിൽ 194 പേർക്ക്‌ കൂടുതൽ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിനം ചികിത്സ തേടുന്നവരുടെ എണ്ണം ആയിരം കടന്നു. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ഇൻഫ്ലുവൻസ രോഗങ്ങളെല്ലാം പടരുകയാണ്‌. ഷിഗല്ല ബാധിച്ചവരുടെ എണ്ണം 14 ആയി. ഷിഗല്ല ബാധിച്ച് ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ‍ഇക്കൊല്ലമാണ് ജില്ലയില്‍ ഇത്രയധികം പേര്‍ ഷിഗല്ല ബാധിതരായത്. എലിപ്പനി, എച്ച്‌വൺ എൻവൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്‌. രണ്ടു അതിഥിത്തൊഴിലാളികൾക്കാണ്‌ മലന്പനി സ്ഥിരീകരിച്ചത്‌. ​ജില്ലയില്‍ 573 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. 18 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 96 പേർക്ക്‌ ഇന്‍ഫ്ലുവന്‍സയും ബാധിച്ചു. കോർപറേഷൻ പരിധിയിലാണ്‌ ഡെങ്കിപ്പനിയിൽ കൂടുതൽ. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കോൺഗ്രസ്‌ ഭരണസമിതിക്ക്‌ സംഭവിച്ച വീഴ്‌ചയാണ്‌ കോർപറേഷനെ വിവിധ രോഗങ്ങളുടെ കേന്ദ്രമാക്കിയത്‌. 281 പേർക്കാണ്‌ ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. ഇതില്‍ 124 രോഗികളും കോര്‍പറേഷന്‍ പരിധിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home