ad
Deshabhimani

കോൺഗ്രസിൽ വീണ്ടും കലഹം

ഡിസിസി പ്രസിഡന്റിനെതിരെ മാളയിലും പടയൊരുക്കം

വെബ് ഡെസ്ക്

Published on Jun 29, 2026, 12:02 AM | 1 min read

സ്വന്തം ലേഖകൻ

മാള

മറ്റത്തൂരിന്‌ പിന്നാലെ കോൺഗ്രസിൽ വീണ്ടും കലാപം. ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിനെതിരെ മാളയിലും ഒരു വിഭാഗം രംഗത്ത്‌. പാർടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുത്തവരെ പ്രാദേശിക നേതൃത്വം അറിയാതെ തിരിച്ചെടുത്തതാണ്‌ പുതിയ പ്രശ്‌നങ്ങൾക്ക്‌ വഴിതുറന്നത്‌. പോൾസൺ ജോസഫ്, വിൽസൺ കാഞ്ഞുത്തറ എന്നിവരെ മാള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായും എം സി വിനയൻ, വിനോദ് വിധേയത്തിൽ എന്നിവരെ ജനറൽ സെക്രട്ടറിമാരുമായാണ് ഡിസിസി പ്രസിഡന്റ്‌ ഏകപക്ഷികമായി നിയമിച്ചത്‌. ഇതിൽ പോൾസണ്‌ സ്ഥാനക്കയറ്റവും നൽകി. ഇതോടെ ജില്ലാ നേതൃത്വവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്‌ മാളയിലെ കോൺഗ്രസ്‌ നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെയും പാർടി താൽപ്പര്യങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു നാല് പേർക്കെതിരെയും നടപടിയെടുത്തത്‌. എന്നാൽ മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെയോ, മാള മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെയോ അറിയിക്കാതെയും ആലോചിക്കാതെയുമാണ്‌ ഇവർക്ക്‌ ഭാരവാഹി സ്ഥാനങ്ങൾ വീണ്ടും നൽകിയതെന്നാണ്‌ ആരോപണം. മന്ത്രി കെ മുരളീധരന്റെ നിർദേശ പ്രകാരമാണ് ഇവരെ പാർടിയിലേക്ക് തിരിച്ചെടുത്തതെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്‌. എന്നാൽ താൻ ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും ഈ വിഷയത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും കെ മുരളീധരൻ അറിയിച്ചതായി മാളയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതോടെ കെ മുരളീധരനെ മറയാക്കി സ്വന്തം താൽപര്യം നടപ്പാക്കാനായി ഡിസിസി പ്രസിഡന്റ്‌ നടത്തുന്ന ഇടപെടലിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. ആത്മാർഥമായി പ്രവർത്തിക്കുന്നവരെ നോക്കുകുത്തിയാക്കി, അച്ചടക്ക ലംഘനം നടത്തിയവർക്ക്‌ സ്ഥാനമാനങ്ങൾ നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അംഗീകരിക്കില്ലെന്നും ഇവർ പറയുന്നു. തീരുമാനം തിരുത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ പരസ്യ പ്രതിഷേധം നടത്താനാണ്‌ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home