വരൾച്ച, വേനൽമഴ
27 കോടിയുടെ കൃഷിനാശം

കെ എൻ സനിൽ
Published on May 09, 2026, 12:33 AM | 1 min read
തൃശൂർ
ഇൗ വർഷത്തെ വേനലിലെ വരൾച്ചയിലും വേനൽ മഴയെത്തുടർന്നുള്ള കാറ്റിലുമായി ജില്ലയിൽ 27.31 കോടി രൂപയുടെ കൃഷിനാശം. ജനുവരി മുതൽ മെയ് ആറുവരെയുള്ള കണക്കനുസരിച്ച് 482 ഹെക്ടറോളം പ്രദേശത്ത് കൃഷിനാശമുണ്ടായി. 6949 കർഷകർക്കാണ് വിളനാശമുണ്ടായത്. കനത്ത നഷ്‌ടമുണ്ടായത് നേന്ത്ര വാഴ കൃഷിക്കാണ്. രണ്ടുലക്ഷത്തിലേറെ വാഴകളാണ് ജില്ലയിൽ വരൾച്ചയിലും കാറ്റിലുമായി നശിച്ചത്. ഏതാണ്ട് 13 കോടിയിലേറെ രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 188 ഏക്കറിൽ നെൽകൃഷിക്ക് നാശമുണ്ടായി. 455 കർഷകരാണ് നാശം നേരിട്ടത്. രണ്ടുകോടിയോളം രൂപയുടെ നഷ്‌ടമുണ്ടായി. 10143 ജാതി മരങ്ങളും 4575 തെങ്ങും 301 റബ്ബറും, 13829 കവുങ്ങും 1755 കുരുമുളകുചെടികളും നശിച്ചു. ജാതി കൃഷിയിൽ മൂന്നു കോടിയിലേറെ രൂപയുടെയും തെങ്ങിന് രണ്ടുകോടിയിലേറെ രൂപയുടെയും റബറിന് ആറുലക്ഷം രൂപയുടെയും കവുങ്ങിന് 41 ലക്ഷം രൂപയുടെയും കുരുമുളകിന് 13 ലക്ഷത്തിലേറെ രൂപയുടെയും നഷ്‌ടമുണ്ടായി. ആറ് ഹെക്ടറിലേറെ കപ്പയും 30 ഹെക്ടറോളം പച്ചക്കറിയും നശിച്ചു. പച്ചക്കറിക്ക് 50 ലക്ഷത്തിലേറെ രൂപയുടെയും കപ്പയ്‌ക്ക് രണ്ടുലക്ഷത്തോളം രൂപയുടെയും നഷ്‌ടം കണക്കാക്കുന്നു. 1.408 ഹെക്ടറിൽ മാവും 6.68 ഹെക്ടറിൽ പ്ലാവും നശിച്ചു. മാവിന് 26 ലക്ഷം രൂപയുടെയും പ്ലാവിന് ഒരുകോടി രൂപയുടെയും നാശം കണക്കാക്കുന്നു. സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരം മെയ് അഞ്ചുവരെ 2.65 കോടി രൂപ നഷ്‌ടപരിഹാരമായി വിതരണം ചെയ്‌തിട്ടുണ്ട്.










0 comments