അഖിലേന്ത്യാ കിസാൻസഭാ സമ്മേളന ഫണ്ട്
മാതൃഭൂമി വാർത്ത വസ്‌തുതാ വിരുദ്ധം: കർഷകസംഘം

തൃശൂർ
"പുകയോ അൻപത് ലക്ഷം' എന്ന തലക്കെട്ടിൽ കേരള കർഷക സംഘം ഫണ്ട് സംബന്ധിച്ച് മാതൃഭൂമി പത്രം ബുധനാഴ്‌ച തൃശൂർ എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്ത പൂർണമായും അവാസ്തവമാണെന്ന് കേരള കർഷകസംഘം പ്രസ്‌താവനയിൽ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭാ സമ്മേളനം സംബന്ധിച്ച് കണക്കുകൾ സുതാര്യവും സംഘടനയിലുള്ള മുഴുവൻപേർക്കും അറിയുന്നതുമാണ്. അഖിലേന്ത്യാ സമ്മേളന സംഘാടനത്തിൽ ചെലവുവന്ന തുക കഴിച്ച് മിച്ചം വന്നത് 24,92,416 രൂപയാണ്. സമ്മേളന സംഘാടകസമിതി യോഗം ചേർന്ന് വരവ് -ചെലവ് കണക്കുകൾ അംഗീകരിച്ചതാണ്. ബാക്കിവന്ന തുക 24,92,416 രൂപ കേരള കർഷക സംഘം ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി ഇപ്പോൾ 29,13,883 രൂപയായി. കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ പൊതുസ്വത്തായി ഈ തുക ബാങ്കിൽ കിടക്കുമ്പോൾ പച്ചക്കള്ളം മാതൃഭൂമി തട്ടിവിടുന്നത് മാധ്യമമര്യാദയ്‌ക്ക് ചേർന്നതാണോ എന്ന് അവർ പരിശോധിക്കണം. ഓഫീസ് നിർമിക്കുന്നതിനെക്കുറിച്ച് ഒരു പ്രത്യേക തീരുമാനവും സംഘടന കൈക്കൊണ്ടിട്ടില്ല. കേരള കർഷക സംഘത്തിനെതിരെ നുണകൾ വാർത്തയായി അവതരിപ്പിക്കുന്ന മാതൃഭൂമി ലേഖകന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. അടിസ്ഥാനരഹിതമായ കള്ള പ്രചാരണം തള്ളിക്കളയണമെന്ന് മുഴുവൻ കർഷകരോടും ബഹുജനങ്ങളോടും ജില്ലാ പ്രസിഡന്റ് പി ആർ വർഗീസും സെക്രട്ടറി എ എസ് കുട്ടിയും അഭ്യർഥിച്ചു.









0 comments