അപകടക്കെണിയായി സർവീസ് റോഡുകൾ

ആമ്പല്ലൂരിലെ സർവീസ് റോഡ്
ആമ്പല്ലൂർ
ദേശീയ പാത ആമ്പല്ലൂർ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചു വിടുന്നത് ഇരു ചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാവുന്നു. നിരവധി ഇരുചക്ര വാഹന യാത്രികരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആമ്പല്ലൂരിലെ സർവീസ് റോഡിലെ കാനയുടെ സ്ലാബുകളിൽ തട്ടി വീണത്. തൃശൂർ ഭാഗത്തേക്കുള്ള റോഡിലെ അശാസ്ത്രീയമായ നിർമാണമാണ് അപകടങ്ങൾക്കിടയാക്കുന്നത്. സർവീസ് റോഡിൽ നിർമിച്ചിട്ടുള്ള കാനയുടെ സ്ലാബിന്റെ വശങ്ങളിൽ വാഹനങ്ങൾ കുടുങ്ങുന്നതാണ് അപകടത്തിന് കാരണം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. റോഡിനോട് ചേർന്ന് ഉയർന്നുനിൽക്കുന്ന സ്ലാബ് മണ്ണിട്ടുനികത്താത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. വീതി കുറഞ്ഞതും കുഴികൾ നിറഞ്ഞതുമായ സർവീസ് റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുമ്പോൾ ഡ്രൈനേജിന്റെ മുകളിലൂടെ ചെറുവാഹനങ്ങൾ കടന്നുപോകാറുണ്ട്. ഇത്തരത്തിൽ പോകുന്ന ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. ഇവിടെ റോഡ് പണി പൂർത്തിയാക്കാത്തതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വാഹനങ്ങൾക്ക് കടക്കാൻ ബുദ്ധിമുട്ടാണ്. നിരവധി തവണ പരാതി നൽകിയെങ്കിലും കരാർ കമ്പനി നടപടി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. ഗതാഗത കുരുക്കൊഴിവാക്കാൻ സർവീസ് റോഡിന്റെ വശങ്ങളിലുള്ള ഡ്രൈനേജിലൂടെയും വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അപകടങ്ങൾ പതിയിരിക്കുന്നയിടങ്ങളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






0 comments