ad
Deshabhimani

ഐഎൻടിയുസി കനിഞ്ഞാൽ ജോലി

വെബ് ഡെസ്ക്

Published on Sep 03, 2026, 12:39 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂർ

കോർപറേഷനിലെ നിയമനങ്ങൾ കോൺഗ്രസ്‌ ഭരണസമിതി അട്ടിമറിക്കുന്നു. ശുചീകരണം നടത്തുന്ന ഡിഎൽആർ തൊഴിലാളികളുടെ സ്ഥിരനിയമനമാണ്‌ കോടതി ഉത്തരവടക്കം കാറ്റിൽ പറത്തി അട്ടിമറിക്കുന്നത്‌. ഡിഎൽആർ തൊഴിലാളികളുടെ സ്ഥിര നിയമനത്തിൽ 1 :1 അനുപാതം പാലിക്കണമെന്നാണ്‌ കോടതി ഉത്തരവ്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലെ പട്ടികയിൽ നിന്ന്‌ ഒരാളെ നിയമിക്കുമ്പോൾ നിലവിലെ താൽക്കാലിക ജീവനക്കാരിൽ നിന്ന്‌ ഒരാളെ നിയമിക്കണം എന്നാണ്‌ കോടതി വിധി. താൽക്കാലിക ഡിഎൽആർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത്‌ സീനിയോറിറ്റി പരിഗണിച്ചാകണം. എന്നാൽ, ഭരണസ്വാധീനം ഉപയോഗിച്ച്‌ സീനിയോറിറ്റി മറികടന്ന്‌ നിയമനം നടത്താനാണ്‌ നീക്കം. സ്ഥിരനിയമനം ലഭിക്കണമെങ്കിൽ ഐഎൻടിയുസി ഓഫീസിലെത്തി നേതാക്കളെ കാണണം എന്നാണ്‌ ആവശ്യം. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന മാത്രമേ നടത്താൻ പാടൂവെന്നാണ്‌ നിയമം. എന്നാൽ 120 പേരെയാണ്‌ കോൺഗ്രസ്‌ ഭരണസമിതി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ പട്ടിക പരിഗണിക്കാതെ നിയമിച്ചത്‌. എക്‌സ്‌ചേഞ്ചിൽ ഡിഎൽആർ തൊഴിലാളി താൽക്കാലിക നിയമനത്തിനായി 750 പേരിലധികമുള്ള പട്ടികയുണ്ട്‌. ഇതിൽ നിന്ന്‌ 76 പേരെ മാത്രമാണ്‌ നിയമിച്ചത്‌. ഇനിയും ഒട്ടേറെ പേർക്ക്‌ തൊഴിൽ ലഭിക്കാനുണ്ട്‌ എന്നിരിക്കെയാണ്‌ 120പേരുടെ രാഷ്‌ട്രീയ നിയമനം നടത്തിയത്‌. സിഐടിയു അടക്കമുള്ള സംഘടനകളിൽ അംഗങ്ങളായവർ ഐഎൻടിയുസിയിൽ ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്‌. നിലവിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഐഎൻടിയുസിയുടെ ഭാഗമായില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന്‌ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്‌. സ്‌ത്രീകളടക്കമുള്ളവരെ പ്ലാന്റുകൾ അടക്കമുള്ള മറ്റിടങ്ങളിലേക്ക്‌ സ്ഥലം മാറ്റുമെന്നാണ്‌ പ്രധാന ഭീഷണി. അതേസമയം, തൊഴിലാളികളുടെ യൂണിഫോമിന്റെ തുന്നൽക്കൂലി ഇതുവരെയും കോർപറേഷൻ നൽകിയിട്ടില്ല. തൃശൂർ പൂരശേഷം നഗരം ശുചീകരണത്തിന്റെ ഭാഗമായി അധിക ജോലി ചെയ്‌ത സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യവും അനുവദിച്ചിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home