പൈതൃക കോളേജ് പദ്ധതി
കേരളവര്‍മ കോളേജിലെ പിജി സമുച്ചയം തുറന്നു

കേരള സർക്കാരിന്റെ പൈതൃക കോളേജ് പദ്ധതിയിൽ തൃശൂർ ശ്രീ കേരളവർമ കോളേജിൽ നിർമിച്ച പി ജി ബ്ലോക്ക് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ. കെ ജയനിഷ, പി ബാലചന്ദ്രൻ എംഎൽഎ, മന്ത്രി കെ രാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ‍് കെ രവീന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ, സി എൻ ജയദേവൻ, പി കെ ഷാജൻ, കോളേജ് മാനേജർ പി ബിന്ദു എന്നിവർ സമീപം
തൃശൂര്‍
സംസ്ഥാന സര്‍ക്കാരിന്റെ പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ കേരള വര്‍മ കോളേജിൽ നിര്‍മിച്ച പിജി സമുച്ചയം മന്ത്രി ആര്‍ ബിന്ദു സമർപ്പിച്ചു. കിഫ്ബിയില്‍നിന്ന് 14.323 കോടിരൂപ ചെലവിലാണ് പൈതൃക തനിമ നിലനിര്‍ത്തി കേളേജില്‍ മികച്ച വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിരിക്കുന്നത്. മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ച് കോളേജുകളിൽ ഒന്നാണ് കേരളവര്‍മ. 56,033 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് നിർമിച്ചിട്ടുള്ളത്. 22 ക്ലാസ് മുറികള്‍, ലാബുകള്‍, സയന്‍സ് വിദ്യാര്‍ഥികള്‍ക്കായുള്ള നൈപുണി വികസന കേന്ദ്രം, ശുചിമുറി സമുച്ചയം എന്നിവയാണ് പിജി ബ്ലോക്കില്‍ ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രി കെ രാജന്‍ മുഖ്യാതിഥിയായി. മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന പി വി സന്ദേശിന്റെ അനുസ്മരണാര്‍ഥം നല്‍കുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഗോപിക നന്ദനയേയും മന്ത്രി തെരഞ്ഞെടുത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ദേവസ്വം ബോര്‍ഡംഗം കെ കെ സുരേഷ് ബാബു, വി എസ് സുനില്‍കുമാര്‍, കോളേജ് മാനേജര്‍ പി ബിന്ദു, കെ എന്‍ അരുണ, കൗണ്‍സിലര്‍ പി സുകുമാരന്‍, സി എന്‍ ജയദേവന്‍, പൂര്‍വ വിദ്യാര്‍ഥി അഡ്വ. കെ കെ ഗോപിനാഥന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജയനിഷ എന്നിവര്‍ സംസാരിച്ചു. കേരളവർമ കോളേജിനെപ്പറ്റി മന്ത്രി ആർ ബിന്ദു രചിച്ച ഗാനം വിദ്യാർഥികൾ നൃത്തശിൽപ്പമായി അവതരിപ്പിച്ചു. മന്ത്രി ബിന്ദുവിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍നിന്ന് രണ്ട് ലക്ഷം രൂപ കേരളവര്‍മ കോളേജിന് മന്ത്രി കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. കെ ജയനിഷ മന്ത്രിയില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി.










0 comments