ad
Deshabhimani

മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും ശുദ്ധജലം

മലങ്കര സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ

plant

നിർമാണം പുരോഗമിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ്

വെബ് ഡെസ്ക്

Published on Aug 05, 2025, 12:30 AM | 1 min read

തൊടുപുഴ

മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ സമഗ്ര ശുദ്ധജല വിതരണം യാഥാർഥ്യമാക്കുന്ന മലങ്കര സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ. നബാർഡിന്റെയും ജലജീവൻ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി. മലങ്കര ജലാശയത്തിലെ ആറുമീറ്റർ വ്യാസമുള്ള കിണറിൽനിന്നും വെള്ളം പെരുമറ്റത്ത് എംവിഐപിയുടെ ഭൂമിയിലെ ജലശുദ്ധീകരണ ശാലയിലെത്തിക്കും. ഇവിടെ ശുദ്ധീകരിച്ചശേഷമാകും വിതരണം. മൂലമറ്റത്ത് വൈദ്യുതി ഉൽപാദനത്തിന് ശേഷം മലങ്കരയിലേക്ക് പുറംതള്ളുന്ന വെള്ളമാണ് ശുദ്ധീകരണ പ്ലാന്റിലെത്തുക. മാത്തപ്പാറയിലെ നിലവിലുള്ള പമ്പ്ഹൗസ് നിലനിർത്തി പുതിയ മോട്ടോറുകൾ സ്ഥാപിച്ച് പ്രതിദിനം 11ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കും.

കുതിപ്പ് അതിവേ​ഗം

ജലശുദ്ധീകരണശാലയുടെ വിവിധഘടകങ്ങളായ എയറേറ്റർ, റോ വാട്ടർ ചാനൽ, ഫ്ലാഷ് മിക്‌സർ, ക്ലാരിഫ്‌ ലോക്കുലേറ്റർ, ഫിൽറ്റർ ഹൗസ്, ക്ലിയർ വാട്ടർ ചാനൽ, ക്ലിയർ വാട്ടർ സമ്പ്, ക്ലിയർ വാട്ടർ പമ്പ്ഹൗസ് എന്നിവ പൂർത്തിയാക്കി. ഇലക്‍ട്രിക്കൽ, മെക്കാനിക്കൽ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. 93മീറ്റർ സംരക്ഷണഭിത്തിയും നിർമിച്ചു. നബാർഡിൽനിന്നും 18.67 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ജലജീവൻ മിഷൻ വഴി മുട്ടം, കരിങ്കുന്നം പഞ്ചായത്തിന് 85.62 കോടി രൂപയും കുടയത്തൂർ പഞ്ചായത്തിന് 39.56കോടിയും ചെലവഴിച്ചു.

കുടിവെള്ളം യഥേഷ്‍ടം
പദ്ധതി പൂർത്തിയാകുന്നതോടെ മുട്ടം പഞ്ചായത്തിൽ 1297, കരിങ്കുന്നത്ത് 2450, കുടയത്തൂരിൽ 3013 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നിലവിൽവരും. മൂന്ന് പഞ്ചായത്തുകളിലും 248 കിലോമീറ്റർ വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. ജല ശുദ്ധീകരണ ശാലയിൽനിന്ന് വെള്ളം മുട്ടം പഞ്ചായത്തിലെ എട്ടും കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിലെ ഏഴുവീതം ജലസംഭരണികളിലും എത്തും. ഇവിടെനിന്നാകും ഗാർഹിക കുടിവെള്ള വിതരണം. കുടയത്തൂർ ബ്ലൈൻഡ് സ്‌കൂളിന് സമീപം 2.5ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമാണം അന്തിമഘട്ടത്തിലാണ്. മോർക്കാട് ബൂസ്റ്റർ 1, കൈപ്പ, അടൂർമല, മോർക്കാട് ടോപ്പ് എന്നിവിടങ്ങളിലും ടാങ്ക് നിർമാണം പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home