മുല്ലപ്പെരിയാറിൽ നിയമസഭയ്ക്ക് അകത്തും പുറത്തും

vs
avatar
കെ എ അബ്ദുൾ റസാഖ്

Published on Jul 22, 2025, 12:33 AM | 2 min read

കുമളി

മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരള താൽപ്പര്യങ്ങളുയർത്തി നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി പോരാടിയ നേതാവായിരുന്നു വി എസ്. തമിഴ്നാടിന് വെള്ളം, കേരളത്തിലെ മനുഷ്യരുടെ ജീവൻ സംരക്ഷിക്കൽ എന്നതിനായി പുതിയ അണക്കെട്ടെന്ന ആവശ്യം ശക്തമായി ഉയർത്തി. 1992–--96 ൽ എൽഡിഎഫ് കൺവീനർകൂടിയായിരുന്നു. വിഷയം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചു. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും സർക്കാരുകൾ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരള താൽപ്പര്യത്തിനെതിരായി സ്വീകരിച്ച നിലപാടിനെ വി എസ്‌ എതിർത്തിരുന്നു. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുല്ലപ്പെരിയാർ വിഷയത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായപ്പോൾ ശക്തമായി പ്രതികരിച്ചു. തമിഴ്നാട് അനധികൃത നിർമാണം നടത്തുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന 1996 മാർച്ചിൽ ആന്റണിയായിരുന്നു മുഖ്യമന്ത്രി. വി എസ് ആഞ്ഞടിച്ചത് ആന്റണിക്ക് തിരിച്ചടിയായി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി 136 അടിയിൽ കൂടുതൽ ഉയർത്തരുതെന്ന് പറമ്പിക്കുളം, മുല്ലപ്പെരിയാർ വിഷയങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയുക്തമായ നിയമസഭ അഡ്‌ ഹോക്ക് കമ്മിറ്റി 1994 മാർച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്പിൽവേക്ക് മുമ്പിൽ കല്ലും മണ്ണും ഇട്ട് കൂടുതൽ ജലം സംഭരിക്കാൻ തമിഴ്നാട് നടത്തിയ ശ്രമം വലിയ വിവാദമായി. തുടർന്ന് വി എസ് അച്യുതാനന്ദൻ അണക്കെട്ട് സന്ദർശിച്ചു. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1995 സെപ്തംബറിൽ അണക്കെട്ടിലെ ജലനിരപ്പ് 138.2 അടിയിലേക്ക് ഉയർന്നിരുന്നു. ഇതിലും വിഎസ് ഇടപെട്ടു.

പുതിയ ഡാമിനുള്ള 
പഠനങ്ങൾ

2006ൽ വി എസ് മുഖ്യമന്ത്രിയായതോടെ പ്രശ്നം ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സാന്നിധ്യത്തിൽ ഡൽഹിയിൽവച്ച് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ചർച്ച നടത്തി. തമിഴ്നാടിന് തുടർന്നും വെള്ളംതരാൻ തയ്യാറാണെന്നും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുവാൻ പുതിയ അണക്കെട്ട് നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്നും ഉറച്ചു നിലപാട് സ്വീകരിച്ചു. പുതിയ അണക്കെട്ടെന്ന ആവശ്യത്തിന് തമിഴ്നാട് തയ്യാറാകാത്ത സാഹചര്യത്തിൽ നിയമവഴിയിലൂടെ ശക്തമായ പോരാട്ടമാണ് 2006–-11 ഘട്ടത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസ് നടത്തിപ്പിലെ വീഴ്ച മൂലം ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താമെന്ന സുപ്രീംകോടതി വിധിയെ തുടർ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ നടത്തിയ ക്രിയാത്മകമായ ഇടപെടലിൽ കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായി. വി എസ് സർക്കാരിന്റെ കാലത്ത് പുതിയ അണക്കെട്ടിനുള്ള ഓഫീസ് കുമളിയിൽ പ്രവർത്തനമാരംഭിച്ചു. പഠന പ്രവർത്തനങ്ങളും സർവേ ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിച്ചു. എന്നാൽ തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ വീഴ്ച തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Home