കട്ടപ്പന ഫെസ്റ്റ്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

കട്ടപ്പന നഗരസഭയില്‍ അജണ്ട പൂര്‍ത്തിയാകുംമുമ്പ് യോഗം അവസാനിപ്പിച്ച ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചപ്പോള്‍
കട്ടപ്പന
നഗരസഭ സ്റ്റേഡിയം തുച്ഛമായ പ്രതിദിന വാടകയ്ക്ക് ഫെസ്റ്റിനായി വിട്ടുനല്‍കിയ യുഡിഎഫ് ഭരണസമിതിയുടെ നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ യോഗം ശുപാര്‍ശ ചെയ്തു. പ്രദര്‍ശനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയെന്ന എല്‍ഡിഎഫ് ആരോപണം ഇതോടെ ശരിയെന്ന് തെളിഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ കത്ത് പരിഗണിച്ചാണ് ചൊവ്വാഴ്ച അടിയന്തര കൗണ്‍സില്‍ യോഗംചേര്‍ന്നത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍പേഴ്‌സണ്‍, വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി അറിയിച്ചെങ്കിലും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ എല്‍ഡിഎഫ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങി. ഇതില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. വിജിലന്‍സ് അന്വേഷണം വേണമെന്ന എല്‍ഡിഎഫ് ആവശ്യത്തെ കൗണ്‍സിലില്‍ പങ്കെടുത്ത മറ്റ് യുഡിഎഫ്, ബിജെപി അംഗങ്ങളും പിന്തുണച്ചു. അതേസമയം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ഒരുലക്ഷം രൂപ വരെ വാടക ഈടാക്കിയിരുന്ന സ്റ്റേഡിയം ഇത്തവണ 7000 രൂപ നിരക്കിലാണ് വിട്ടുനല്‍കിയത്. നഗരസഭയ്ക്ക് ലക്ഷങ്ങള്‍ വരുമാന നഷ്ടമുണ്ടാക്കുകയും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി എല്‍ഡിഎഫ് അംഗം കെ പി സുമോദ് ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിനായി നിരവധിപേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് പരിഗണിച്ചത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. നഗരസഭയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതിനുപിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. സാമ്പത്തിക നഷ്ടമുണ്ടാക്കിയവരില്‍നിന്ന് തുക ഈടാക്കണമെന്നും കെ പി സുമോദ് ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫെസ്റ്റ് നടക്കുന്നതെന്ന് ടിജി എം രാജു ആരോപിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വിവിധ വകുപ്പുകളുടെ അനുമതി പൂര്‍ണമായി ലഭിച്ചിട്ടില്ല. പിഡബ്ല്യുഡി മെക്കാനിക്കല്‍ ഡിവിഷന്‍ പരിശോധന നടത്തുകയോ അനുമതി ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫെസ്റ്റിലെ കുട്ടികളുടെ പാര്‍ക്കില്‍ സുരക്ഷാവീഴ്ചയുണ്ടായി. ഫെസ്റ്റിന്റെ മറവില്‍ വന്‍ അഴിമതിയാണെന്ന് ഷാജി കൂത്തോടിയില്‍ ആരോപിച്ചു. മുന്‍വര്‍ഷങ്ങളില്‍ ചികിത്സ ധനസഹായ സമാഹരണത്തിനായി ഫെസ്റ്റ് സംഘടിപ്പിച്ചപ്പോള്‍ ഒരുലക്ഷം രൂപ പ്രതിദിനം വാടക കൈപ്പറ്റിയിരുന്നു. പരിപാടി നഷ്ടത്തിലായിട്ടും ലക്ഷങ്ങള്‍ സംഘാടകര്‍ തിരിച്ചടച്ചിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരെ സംശയനിഴലിലാക്കിയ നടപടിയില്‍ സുതാര്യമായ അന്വേഷണം വേണമെന്നും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഓംബുഡ്‌സ്മാന് പരാതി നല്‍കണമെന്നും സി ആര്‍ മുരളി, ബേബി കുര്യന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.










0 comments