കരിമണ്ണൂരിൽ ഭരണം ഏറ്റെടുത്തു
യുഡിഎഫിൽ തമ്മിലടി തുടങ്ങി

കരിമണ്ണൂർ
കരിമണ്ണൂർ പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും തമ്മിലടി തുടങ്ങി. ആകെയുള്ള 15 വാർഡിൽ 12 എണ്ണം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിൽ കോൺഗ്രസിനും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ആറുവീതം വാർഡുകളിലാണ് ജയിക്കാനായത്. കോൺഗ്രസിലെ രണ്ടും ലീഗിന് ലഭിച്ച ഏക സീറ്റിലുമാണ് യുഡിഎഫ് പരാജയപ്പെട്ടത്. കോൺഗ്രസിനും കേരളാ കോൺഗ്രസ് ജെക്കും തുല്യ സീറ്റ് ലഭിച്ചതോടെ ആദ്യരണ്ടര വർഷം പ്രസിഡന്റുസ്ഥാനം തങ്ങൾക്കുവേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുകയായിരുന്നു. ജില്ലയിലാകെ യുഡിഎഫ് ജോസഫ് വിഭാഗത്തെ കാലുവാരി ഒതുക്കുകയായിരുന്നു എന്ന ആക്ഷേപവും അവർ ഉന്നയിച്ചതോടെയാണ് കോൺഗ്രസ് പാർടി വഴങ്ങിയത്. ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചതാടെ അതിനുള്ളിൽ സ്ഥാനത്തിനായി വടംവലി ആരംഭിച്ചു. കോട്ടക്കവല വാർഡിൽനിന്ന് വിജയിച്ച മാത്യു തോമസ് പ്രസിഡന്റാകണമെന്ന് പാർടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തിൽ ആർക്കും പരിചിതനല്ലാത്ത നെയ്യശേരി വാർഡിൽനിന്ന് വിജയിച്ച ജിൻസ് ജോണിനാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കേരള കോൺഗ്രസ് ജെ മണ്ഡലം പ്രസിഡന്റ് പോൾ കുഴുപ്പിള്ളിയാണ് പി ജെ ജോസഫിനെ കണ്ട് ജിൻസിന് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്നയാളാണ് പോൾ കുഴുപ്പിള്ളി. വിജയസാധ്യതയുള്ള കോട്ടക്കവല വാർഡിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും വാർഡിലെ പ്രവർത്തകർ സമ്മതിക്കാത്തിനാൽ പോളിന് മത്സിരിക്കാൻ കഴിഞ്ഞില്ല. ഇതിനുള്ള പ്രതികാരമായാണ് മാത്യു തോമസിന്റെ പേര് തന്റെ സ്വാധീനം ഉപയോഗിച്ച് വെട്ടിയതെന്നാണ് ജോസഫ് വിഭാഗത്തിലെ ഒരുവിഭാഗം പറയുന്നത്. ലീഗിന് ലഭിച്ച പാഴൂക്കര സീറ്റിൽ കോൺഗ്രസ് പ്രവർത്തകർ കാലുവാരി തോൽപ്പിച്ചെന്നാണ് ഒരു വിഭാഗം ലീഗുകാർ പ്രചരിപ്പിക്കുന്നത്. എന്നാൽ നാട്ടിൽ ജനസമ്മതി ഒട്ടും ഇല്ലാത്ത ഒരു യുവതിയെ വാർഡിലെ ഒരു ലീഗ് നേതാവ് ഒരു ആലോചനയുമില്ലാതെ നിർത്തിയതാണ് ദയനീയ തോൽവിക്ക് കാരണമെന്നാണ് കോൺഗ്രസ് നേതാക്കളും ഒരു വിഭാഗം ലീഗുകാരും പറയുന്നത്. യുഡിഎഫിലെ തുടക്കത്തിലെതന്നെ ആരംഭിച്ച തമ്മിലടി പഞ്ചായത്തിന്റെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.










0 comments