ഗ്രൂപ്പ് പോര് മൂപ്പിക്കാൻ അന്തപ്പുര കഥകളും

കെടിആർ
Published on Aug 11, 2025, 12:30 AM | 2 min read
കോണ്‍ഗ്രസ് എന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അങ്കത്തട്ടിലാണ്. പക്ഷേ യുദ്ധം തമ്മില്‍ തമ്മിലാണെന്ന് മാത്രം. സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് വേണ്ടേ അപരന്റെ കണ്ണിലെ പൊടിയെടുക്കാൻ എന്നാണ് വട്ടമേശയ്‍ക്ക് ചുറ്റുമിരുന്നുള്ള സംഭാഷണം. പയറ്റുകഴിഞ്ഞ് കച്ചയഴിച്ചാലും ആയുധങ്ങള്‍ക്ക് മൂര്‍ച്ചയില്ല, കോഴിവെട്ടും കൂടോത്രോം വര്‍ക്കാവുന്നില്ല. ഉള്ളതു തുറന്നു പറയുന്നവൻ പണ്ടേ ഉൗരിനു വിരോധിയാണല്ലോ. ഇതാ സ്വന്തം തട്ടിലേക്ക് കോണ്‍ഗ്രസിന്റെ പൂഴിക്കടകൻ, ജില്ലയിലെ മുഖ്യ നേതാവിനും കുടുംബത്തിനുമെതിരെ ഊമക്കത്ത്. ആശാൻ കാഞ്ഞ വിത്താണെന്ന് ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയാൻ തുടങ്ങീട്ട് കാലങ്ങളായി. ‘മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കേണ്ട’ എന്നൊരർഥത്തില്‍ മറ്റൊരു സാധാരണക്കാരുടെ പ്രയോഗം മുമ്പ് കോൺഗ്രസ് മണ്ഡലം നേതാവിനുമേൽ നടത്തിയിട്ടുമുണ്ട്. ‘സേവ് കോൺഗ്രസ് ഫോറമാണ്’ കോൺഗ്രസിനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന കസേര സ്വപ്‍നംകണ്ടും പനിച്ചുമിരിക്കുന്നവരുടെ പിന്തുണയുമാകുമ്പോള്‍ നിര്‍ത്തി കത്തിക്കാനാണ് ഉൗമക്കത്തില്‍ വിഷയം പൊലിപ്പിച്ചിരിക്കുന്നത്. ‘രാജകാര്യം രാപ്പകൽ തിരിച്ചറിയണം’ എന്ന സന്ദേശവുമായാണ് അണികളേ നേതാക്കളേയും പുളകിതരാക്കാൻ സേവുകാരുടെ വരവ്. നേതാവിനെതിരെയുള്ള പടലപിണക്കങ്ങള്‍ ഭാര്യയ്‍ക്കെതിരെയും വാരിവിതറി ഗുരുതര ആരോപണങ്ങള്‍ ചേര്‍ത്താണ് പ്രചാരണം. നേതാവിന്റെ ഭാര്യയുടെ പരാതിയില്‍ തൊടുപുഴ പൊലീസ് എഫ്ഐആറുമിട്ടു. 15ലേറെ കത്തുകള്‍ പ്രചരിക്കുന്നുണ്ടെന്ന് പൊലീസ്. നേതാവിന്റെ സ്ഥലത്തുനിന്നും കത്തൊട്ടിച്ച് അയക്കാതിരിക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ട് കേട്ടോ. ഒളിയുദ്ധത്തിന് ലോട്ടെടുത്ത പാളയങ്ങള്‍ തിരുവനന്തപുരവും കട്ടപ്പനയും. ‘ടു അഡ്രസുകളില്‍’ ഭൂരിഭാഗവും വിഷയം കൈകാര്യംചെയ്യാൻ പ്രാപ്‌തിയുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. നേതാവ് തട്ടില്‍കയറിയ ശേഷം പാര്‍ടി വളര്‍ച്ച പടവലം പോലെയാണെന്ന് പറഞ്ഞാണ് തുടക്കം. പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഹലോയ്‍ക്ക് പകരം ചുറ്റിക്കെട്ടുകളുള്ള ‘ചുരുളി’ പ്രയോഗങ്ങള്‍. പ്രശ്‌ന പരിഹാരത്തിന് വടക്കോട്ടുനിന്ന് പ്രാർഥിച്ചാൽ മതിയെന്നും. ആഹാ, എത്ര മനോഹരമായ ആചാരങ്ങള്‍. ‘ചുരുളി’സിനിമയെഴുതാൻ നേതാവിന്റെ സഹായം തേടിയിട്ടുണ്ടോയെന്ന് പോലും സംശയിക്കണം. നേതാവ് മണ്ഡലം പ്രസിഡന്റുമാരിൽനിന്നും മണ്ഡലത്തിൽ പ്രസിഡന്റാക്കാമെന്ന് പറഞ്ഞും പണം പിരിക്കുകയാണെന്ന് കത്തിലുണ്ട്. ഒരു സ്വകാര്യ ആശുപത്രി ഇടപാടുമായി ബന്ധപ്പെട്ട് നേതാവിന്റെ ഭാര്യയുടെ കോടികളുടെ ആരോപണവും സൂചിപ്പിക്കുന്നു. കോൺഗ്രസിലെ ആപാദചൂഡ അഴിമതിയുടെ ഭാഗമാണ് കത്തിന്റെ ഉള്ളടക്കം. നേതാവിന്റെ കസേര തെറിപ്പിക്കണമെന്ന് പരാതിപ്പെട്ടതും ജില്ലയിലെ കോണ്‍ഗ്രസുകാരാണ്. ഇതെല്ലാം കേട്ട് നേതാവ്: ‘ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ മക്കളേ’.അപ്പോൾ മരത്തിന്റെ സ്ഥിതി അറിഞ്ഞല്ലോ.









0 comments