തോട്ട സൂക്ഷിച്ചയിടം തോട്ടാപ്പുരയായി

തോട്ടാപ്പുര
ടി കെ സുധേഷ്‌കുമാർ
Published on Sep 09, 2025, 12:15 AM | 1 min read
അടിമാലി
കല്ലാർകുട്ടി ജലാശയത്തോടുചേർന്ന് നൂറിലധികം കുടുംബങ്ങൾ അധിവസിക്കുന്ന ചെറിയ ഗ്രാമമാണ് തോട്ടാപ്പുര. പേര് കേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്ന ഈ ഗ്രാമത്തിന് പിന്നിൽ, കേരളത്തിന്റെ വൈദ്യുതി വിതരണ ചരിത്രവുമായി ബന്ധപ്പെട്ടൊരു കഥ പറയാനുണ്ട്. പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുന്ന കാലം. അക്കാലത്ത് പാറപൊട്ടിക്കുന്നതിനുള്ള വസ്‌തുക്കള്‍ സൂക്ഷിക്കുന്നതിനായി ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. തോട്ട ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ പറ്റിയ മാർഗം ഭൂമിയ്‌ക്കടിയില്‍ ഒളിപ്പിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് ഇപ്പോള്‍ കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശമായ ഉറച്ച പാറക്കെട്ടുകളുള്ള സ്ഥലത്ത് തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുരങ്കമുഖത്തുനിന്ന് 100 മീറ്ററോളം ഉള്ളിൽ രണ്ടുഭാഗത്തായി ഏകദേശം 50 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശാലമായ രണ്ടുമുറികള്‍ നിര്‍മിച്ചു. ഇതിനുള്ളിൽ പ്രത്യേക സംവിധാനമൊരുക്കിയാണ് തോട്ട സൂക്ഷിച്ചിരുന്നത്. പള്ളിവാസല്‍, ചെങ്കുളം, പൊന്‍മുടി, കല്ലാര്‍കുട്ടി തുടങ്ങിയ പദ്ധതികളുടെ നിര്‍മാണത്തിന് ആവശ്യമായ വെടിക്കോപ്പുകളെല്ലാം സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. കാലക്രമത്തിൽ, തോട്ടകൾ സൂക്ഷിച്ചിരുന്ന ഈ സ്ഥലം "തോട്ടാപ്പുര’യായി. കല്ലാര്‍കുട്ടി ജങ്‌ഷനില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് തോട്ടാപ്പുര സ്ഥിതി ചെയ്യുന്നത്. പില്‍ക്കാലത്ത് ഇവിടം സംരക്ഷിക്കാതായതോടെ അനാഥമായി. ചരിത്ര സ്‌മാരകങ്ങളായ തോട്ടാപ്പുര സംരക്ഷിച്ചാൽ വിനോദ സഞ്ചാരമേഖലയ്‌ക്ക് മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.








0 comments