മാലിന്യസംസ്‍കരണത്തില്‍ മുന്നേറ്റം

തൊടുപുഴ
നിയന്ത്രണങ്ങളും ബോധവല്‍ക്കരണവും കര്‍ശനമാക്കിയതോടെ മാലിന്യ സംസ്‍കരണത്തില്‍ ജില്ല മുന്നോട്ട്. ശുചിത്വമിഷൻ എന്‍ഫോഴ്‍സ്‍മെന്റ് സ്‍ക്വാഡിന്റെ പ്രവര്‍ത്തനഫലമായി നിയലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. മാലിന്യ സംസ്‍കരണ മേഖലയിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. എന്‍ഫോഴ്‍സ്‍മെന്റ് സ്‍ക്വാഡുകള്‍ 1863 പരിശോധനകള്‍ നടത്തി. 649 നിമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ 493 കേസുകളില്‍ 36,78,000 രൂപയാണ് പിഴയീടാക്കിയത്.
കൂടുതല്‍ തൊടുപുഴയിലും മൂന്നാര്‍ മേഖലയിലും
ഏറ്റവും കുടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് തൊടുപുഴ നഗരസഭയിലും മൂന്നാര്‍ മേഖലയിലുമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടൽ, ബേക്കറി, ചിക്കൻ സെന്ററുകൾ, ഫിഷ് മാർട്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍. മലിനജലം പൊതു ഓടയിൽ ഒഴുക്കിവിടുക, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം തരംതിരിക്കാതെ വലിച്ചെറിയുക, വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് തൊടുപുഴ നഗരസഭയില്‍ പ്രധാനമായും കണ്ടെത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉപയോഗം വളരെ കുറഞ്ഞതായി തുടര്‍പരിശോധനകളില്‍നിന്ന് മനസിലായി. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. ചുരുക്കം ചിലയിടങ്ങളില്‍ എതിര്‍പ്പും ഉണ്ടായിട്ടുണ്ട്, അധികൃതര്‍ പറഞ്ഞു.
മൂന്നാര്‍ മേഖലയില്‍ റസ്‌റ്ററന്റുകളിൽനിന്നും റിസോർട്ടുകളിൽനിന്നുമുള്ള മലിനജലം പൊതു ഓടകളിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കിവിടുന്നതും റിസോർട്ടുകളിൽ വൻതോതിൽ ജൈവ, അജൈവമാലിന്യം തരംതിരിക്കാതെ കത്തിക്കുന്നതായും കണ്ടെത്തി. സഞ്ചാരികൾ പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്തുകൾ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാതെ വഴിയരികിൽ വലിച്ചെറിയുന്ന പ്രവണതയണ്ട്. വിനോദസഞ്ചാര മേഖലയിലെ വഴിയോര കച്ചവടക്കാരും നിയമം അനുസരിക്കാൻ വിമുഖത കാണിക്കുന്നു, പക്ഷേ മുൻകാലങ്ങളെ അപേക്ഷിച്ച് മാലിന്യസംസ്‍കരണ മേഖലയിൽ ജില്ല ഏറെ മുന്നേറിയിട്ടുണ്ട്, അധികൃതര്‍ പറഞ്ഞു.
ശ്രദ്ധിക്കാം, വലിച്ചെറിയാതിരിക്കാം
ജില്ലാതലത്തില്‍ രണ്ട് എൻഫോഴ്‍സ്‍മെന്റ് സ്‍ക്വാഡുകളാണ് പരിശോധന നടത്തുന്നത്. പിഴ ഈടാക്കുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളും. സ്‌ക്വാഡ് സംവിധാനത്തിന് പുറമേ 9446700800 വാട്സാപ്പ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യുന്ന നിയമ ലംഘനങ്ങൾക്കെതിരെയും നടപടികളുണ്ട്. വ്യക്തികൾക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നല്‍കും.









0 comments