മൂന്നുതരം കിറ്റുകളും സജ്ജം
ഓണക്കാലത്ത് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈക്കോ

ഇടുക്കി
സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണസമ്മാനമായി നല്‍കാൻ ഗിഫ്‍റ്റ് കാര്‍ഡുകളും കിറ്റുകളും പുറത്തിറക്കി സപ്ലൈക്കോ. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്‍പ്പന്നങ്ങളുള്ള സിഗ്നേച്ചർ കിറ്റ് എന്നിവയാണ് കിറ്റുകള്‍. 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും തയ്യാറായതായി അധികൃതര്‍ പറഞ്ഞു. ഇവ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പനശാലകളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്‍ക്കും 625 രൂപയുടെ സമൃദ്ധി മിനി കിറ്റ് 500 രൂപയ്‍ക്കും 305 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്‍ക്കുമാണ് നല്‍കുന്നത്. ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണംചെയ്യുന്നവര്‍ക്കും പദ്ധതി ഉപയോഗപ്രദമാകും. വിവിധ സ്ഥാപനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബുകളും പദ്ധതിയില്‍ കൈകോർത്തിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോയില്‍ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉല്‍പ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും. ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി നറുക്കെടുപ്പും നടത്തും. ഒരു പവൻ സ്വര്‍ണ നാണയമടക്കം വിവിധ സമ്മാനങ്ങളുണ്ട്. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും.
കിറ്റുകളില്‍ ഇവയൊക്കെ
ഇടുക്കി സമൃദ്ധി കിറ്റ്: അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ, ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങഅച്ചാർ, കടല എന്നിവയാണ് സമൃദ്ധി കിറ്റില്‍. സമൃദ്ധി മിനി കിറ്റ്: അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ, കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർപൊടി, ശർക്കര പൊടി. സിഗ്നേച്ചര്‍ കിറ്റ്: ശബരി ബ്രാൻഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി , സാമ്പാർ പൊടി, രസപ്പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ്, പുട്ടുപൊടി.










0 comments