ad
Deshabhimani

നവകേരള സദസ്സ് നടപടി

തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം

fire

തൊടുപുഴ അഗ്നിരക്ഷാ നിലയം

avatar
സ്വന്തം ലേഖകൻ

Published on Nov 02, 2025, 12:18 AM | 1 min read

തൊടുപുഴ ​

പരിമിതികള്‍ക്കുള്ളിലും മികച്ച സേവനം നല്‍കുന്ന തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന് ആശ്വാസം. നിലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കാൻ തുക അനവുദിച്ചു. നവകേരള സദസ്സിന്റെ ഭാഗമായാണ് നടപടി. നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വെങ്ങല്ലൂരില്‍ മുൻസിപ്പാലിറ്റി താല്‍ക്കാലിക കെട്ടിടത്തിലാണ് നിലവില്‍ അഗ്നിരക്ഷാ നിലയം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മാറിയിട്ട് നാലു വര്‍ഷമേ ആകുന്നുള്ളു. നനഞ്ഞൊലിക്കുന്ന സ്റ്റോര്‍ റൂം, ഗാരേജ് തുടങ്ങി നിലയം നേരിടുന്നത് വിവിധ വെല്ലുവിളികളാണ്. നാൽപ്പതോളം ജീവനക്കാരുണ്ടിവിടെ, പക്ഷേ അവര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല. വിലപിടിപ്പുള്ള ആധുനിക ഉപകരണങ്ങളും നിലയത്തിലുണ്ട്, ഇവ സൂക്ഷിക്കാനും കെട്ടിടം പര്യാപ്‍തമല്ല. നിലയത്തിലേക്കുള്ള വഴിയും ഇടുങ്ങിയതാണ്. തൊടുപുഴ മണക്കാട് റോഡില്‍ മുണ്ടേക്കല്ലില്‍ 22 സെന്റ് സ്ഥലത്താണ് പുതിയ അഗ്നിരക്ഷാ നിലയം ഉയരുക. വെങ്ങല്ലൂരേക്ക് മാറുന്നതിന് മുമ്പ് നിലയം പ്രവര്‍ത്തിച്ചിരുന്നത് ഇവിടെ തന്നെയാണ്. നിലവിൽ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാൻ കോണ്ടൂര്‍ സര്‍വേ പൂര്‍ത്തിയായി. മരം മുറിച്ചു മാറ്റാൻ ട്രീ കമ്മിറ്റി അനുമതിയും നൽകി. കെട്ടിടത്തിന്റെ റഫ് പ്ലാനും തയ്യാറായിട്ടുണ്ട്. കോണ്ടൂര്‍ സര്‍വേ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം സ്ഥലത്തിന് അനുയോജ്യവും നിലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം നിര്‍മിക്കും. ആര്‍ക്കിടെക് വിഭാഗം അന്തിമ പ്ലാൻ തയ്യാറാക്കി നല്‍കും. ജില്ലയിലെ പ്രധാന അഗ്നിരക്ഷാ നിലയങ്ങളിലൊന്നാണ് തൊടുപുഴ. പുതിയ കെട്ടിടം യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ ആധുനിക ഉപകരണങ്ങളും വാഹനങ്ങളും നിലയിത്തിന് അനുവദിക്കും. ജില്ലയിലെ ഏക സ്‍കൂബാ ടീമും പ്രവര്‍ത്തിക്കുന്നത് ഇവിടം കേന്ദ്രീകരിച്ചാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home