ഇടമലക്കുടിക്ക് പ്രത്യേക പരിഗണന

റോഡ്‌ കോൺക്രീറ്റിങ് 
പൂർത്തിയാക്കാൻ നടപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2025, 12:30 AM | 1 min read

ഇടുക്കി

സംസ്ഥാനത്തെ ഏകഗോത്ര വര്‍ഗപഞ്ചായത്തായ ഇടമലക്കുടിയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ വകുപ്പുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു അദേഹം. ഇടമലക്കുടിയിലേക്കുള്ള റോഡ്‌ കോണ്‍ക്രീറ്റിങ് അടിയന്തര പ്രാധാന്യം നല്‍കി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇടമലക്കുടി പഞ്ചായത്തില്‍ ടൈലറിങ് പരിശീലനത്തിന് വിവരശേഖരണം നടത്തി. തയ്യല്‍ പരിശീലന പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സമിതിയെ അറിയിച്ചു. വര്‍ക്‌ ഷോപ്പ്‌ സാങ്കേതിക പരിശീലനം ഉള്‍പ്പെടെ പരിപാടികള്‍ നടത്താനുള്ള സാധ്യതകളും വകുപ്പ് പരിശോധിക്കുകയാണെന്നും വ്യവസായ വകുപ്പ് സമിതിയെ അറിയിച്ചു. ഇടമലക്കുടിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാനും കലക്ടര്‍ കുടുംബശ്രീക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടിയില്‍ വൈദ്യുതി കേബിളിന്റെ ഇലക്ട്രിക്കല്‍ തകരാറ് മഴ മാറിയാല്‍ ഉടന്‍ പരിഹരിക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ കേബിള്‍ ജോയിന്റ് ചെയ്യുന്നത് സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകുമെന്നും കെഎസ്ഇബി യോഗത്തില്‍ അറിയിച്ചു. ​വട്ടവടയില്‍നിന്നും മൂന്നാര്‍ എത്തുന്ന ചിലന്തിയാര്‍- സ്വാമിയാറളക്കുടി റോഡ് നിര്‍മാണത്തിന് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ സമിതിയെ അറിയിച്ചു.

വാളറയിൽ 259 മരങ്ങൾ 
മുറിയ്ക്കാൻ അനുമതി

ദേശീയപാത 85 ല്‍ വാളറ - നേര്യമംഗലം സ്ട്രക്ചറില്‍ 259 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും യൂസര്‍ ഏജന്‍സി ഇത് മുറിച്ച് നീക്കി. അപകടഭീഷണിയായ നിന്നിരുന്ന 682 മരങ്ങളില്‍ 303 മരങ്ങള്‍ മുറിച്ച് നീക്കിയതായും മൂന്നാര്‍ ഡിഎഫ്ഒ സമിതിയെ അറിയിച്ചു. ​സ്വച്ഛ് സര്‍വേക്ഷന്‍ പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച ശുചിത്വ നഗരസഭകളില്‍ ഉള്‍പ്പെട്ട കട്ടപ്പന നഗരസഭയെയും തൊടുപുഴ നഗരസഭയെയും ജില്ലാ വികസനസമിതിയില്‍ അനുമോദിച്ചു. പുരസ്‌കാരങ്ങളും കൈമാറി. അന്തരിച്ച വാഴൂര്‍ സോമൻ എംഎൽഎ അനുശോചനം രേഖപ്പെടുത്തിയാണ് ജില്ലാ വികസനസമിതി ആരംഭിച്ചത്. ​അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ്ങ്‌ ഓഫീസര്‍ ദീപാ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ജില്ലാ വികസനസമിതിയില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home