മലയാളി ഫ്രം രാജസ്ഥാൻ

അരുണ്‍കുമാര്‍ പിങ്കി
കെ പി മധുസൂദനൻ
Published on Sep 20, 2025, 12:15 AM | 1 min read
തൊടുപുഴ
വെളുപ്പിനെ നാലുമണിക്ക് ഉണരും, പഠിക്കാനുള്ളത് പഠിക്കും. ഇഷ്‍ടംപോലെ വായിക്കും. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങും. മത്സരങ്ങളില്‍ പങ്കെടുക്കും. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാക്കാൻ ഇതിലേറെയെന്ത് വേണം. പറഞ്ഞുവരുന്നത് തൊടുപുഴ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ 10ാം ക്ലാസുകാരൻ രാജസ്ഥാൻ സ്വദേശി അരുണ്‍കുമാര്‍ പിങ്കിയെക്കുറിച്ചാണ്. അധ്യാപകരുടെയും സഹപാഠികളുടെയും കണ്ണിലുണ്ണിയായ സ്‍കൂള്‍ ലീഡറെക്കുറിച്ച്. ജയ്‌പുർ സ്വദേശിയായ രാജേശ്യാം റൈഗറിന്റെയും പ്രമീള ദേവിയുടെയും ഏക മകനാണ് അരുൺകുമാർ. വർഷങ്ങൾക്ക് മുന്പ് തൊഴില്‍തേടിയാണ് കുടുംബം വഴിത്തലയിലെത്തിയത്. കൊച്ചുപറന്പിൽ അനീഷിന്റെ യുണൈറ്റഡ് ഗ്രാനേറ്റില്‍ രാജേശ്യാമിന് ജോലികിട്ടി. പ്രമീളദേവി ഇവരുടെ വീട്ടിലും സഹായിച്ചു. സ്‍കൂളിലേക്ക് അനീഷിന്റെ ഇടപെടലാണ് അരുൺകുമാറിനെ സ്‌കൂളിലെത്തിച്ചത്. ബന്ധു തങ്കമ്മ ഇമ്മാനുവല്‍ അരുൺകുമാറിനെ മലയാളം പഠിപ്പിച്ചു. കോലടിയിലെ സ്‌കൂളിൽ രണ്ടാം ക്ലാസിലാണ് പഠനം തുടങ്ങിയത്. അഞ്ചുമുതല്‍ വഴിത്തല സ്‌കൂളിലെത്തി. പഠനത്തിന് പുറമേ കായിക ഇനങ്ങളിലും അരുണ്‍കുമാർ താരമാണ്. 100, 200 മീറ്റര്‍ സ്‍പ്രിന്റ് ഇനങ്ങളിൽ ജില്ലാതലംവരെ പങ്കെടുത്തു. വായനയിൽ കന്പമുള്ള അരുൺ മലായളത്തിൽ കവിതകളും എഴുതും. കഴിഞ്ഞവർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉറുദു പദ്യംചൊല്ലലിന് എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പുസ്‌തകങ്ങൾ വായിക്കാനാണ് കൂടുതലിഷ്ടം. പാഠപുസതകവായനയ്‌ക്ക് ദിവസവും കുറഞ്ഞത് രണ്ടുമണിക്കൂർ മാറ്റിവയ്‌ക്കും. ലൈബ്രറി പുസ്‌തകവായന അവധിദിവസങ്ങളിലാണ്. സ്‌കൂളിലെ പ്രശ്‌നോത്തരി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാമത്സരത്തിലും ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവത്തിലും പങ്കാളിയായി. ഇക്കുറി സ്‌കൂൾതലത്തില്‍ രണ്ടാംസ്ഥാനം നഷ്‍ടമായത് ടൈബ്രേക്കറില്‍. ജനിച്ച നാടിനേക്കാൾ അരുണ്‍കുമാറിനിഷ്‍ടം കേരളമാണ്. അധ്യാപകരുടെ സംരക്ഷണം ലഭിക്കുന്നത് മുന്നേറാനുള്ള കരുത്താകുന്നുണ്ട്, അരുണ്‍കുമാര്‍ പറഞ്ഞു. സിവിൽ സർവീസ് വിജയിക്കണമെന്നതാണ് ജീവിതാഭിലാഷം.









0 comments