രാശിതെളിയുമോ ഉരുളക്കിഴങ്ങിന് ?

ിളവെടുപ്പിന് പാകമായ കാന്തല്ലൂര്‍ കൊളത്താമലയിലെ ഉരുളക്കിഴങ്ങ് തോട്ടം
എസ് ഇന്ദ്രജിത്ത്
Published on Aug 23, 2025, 12:15 AM | 1 min read
മറയൂര്‍
ഓണക്കാലത്തിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ കാന്തല്ലൂരിലെ ഉരുളക്കിഴങ്ങ് പാടങ്ങള്‍ വിളവെടുപ്പിന് പാകമായി. ഇക്കുറി രാശിവിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥയെയും വന്യമൃഗശല്യത്തെയും അതിജീവിച്ചാണ് കുളത്താമലയിലും കാന്തല്ലൂരിലെയും പാടങ്ങളിൽ കൃഷിയിറക്കിയത്. ഊട്ടിയില്‍ വികസിപ്പിച്ചെടുത്ത കുപ്പിരിജ്യോതി എന്ന കിഴങ്ങിനമാണ് മികച്ച വിളവ് നൽകുക. കാന്തല്ലൂരിലെ കര്‍ഷകര്‍ ഏറ്റവും മികച്ച കിഴങ്ങിനെ രാശിക്കിഴങ്ങ് എന്നാണ് പറയുന്നത്. നല്ല ഓവല്‍ ആകൃതിയില്‍ വെണ്ണയുടെ നിറത്തില്‍ പാടുകളോ കൂത്തുകളോ ഇല്ലാതെ ലഭിക്കുന്ന കിഴങ്ങാണിത്. രാശി കിഴങ്ങാണ് ലഭിക്കുന്നതെങ്കില്‍ വിളവും അധികമായിരിക്കും എന്നാണ് കാന്തല്ലൂരിലെ പരമ്പരാഗത കര്‍ഷകരുടെ അനുഭവം. പിന്നീട് ലഭിക്കുന്നത് പച്ചക്കിഴങ്ങ് എന്നാണ് അറിയപ്പെടുന്നത്. കിഴങ്ങില്‍ ഇളം പച്ച നിറം കാണുകയാണെങ്കില്‍ അതിനെ പച്ചക്കിഴങ്ങ് എന്ന അറിയപ്പെടും. പാചക ആവശ്യത്തിനും വിത്തിനും ഏറ്റവും അധികം ഉപയോഗിക്കുന്നത് പച്ചക്കിഴങ്ങാണ്. അങ്ങിങ്ങായി മുഴകളും ആകൃതിയും ഇല്ലാത്തതാണ് ബൊമ്മ കിഴങ്ങ്.
ഉരുളക്കിഴങ്ങ്, ഭൗമസൂചിക പദവിയുള്ള കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവയാണ് ഇത്തവണ ഏറ്റവും അധികം കര്‍ഷകര്‍ വിളവിറക്കിയത്. വിനോദസഞ്ചാര മേഖലയിലും കാര്‍ഷിക മേഖലയിലും പ്രവര്‍ത്തിക്കുന്ന കുളത്താമലയില്‍ ആലത്തൂര്‍ രാജന്‍, നെസ്റ്റ് കോട്ടേജ് ഉടമ എം പ്രതീഷ് എന്നിവരാണ് ശാസ്ത്രീയമായി ഉരുളക്കിഴങ്ങ് വിളവിറക്കിയിരിക്കുന്നത്.
കിഴങ്ങിന് കിലോയ്‌ക്ക് ശരാശരി 50 മുതല്‍ 60 രൂപ വരെ വില ലഭിച്ചാലെ കാന്തല്ലൂരില്‍ കൃഷി ലാഭകരം ആയിരിക്കുയുള്ളൂവെന്ന് കര്‍ഷകനായ എം പ്രതീഷ് പറയുന്നു. ഓണക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാനും വിളവെടുക്കാനുമൊക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഫാം ടൂറിസം സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.










0 comments