പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സത്യഗ്രഹം നാളെ മുതല്‍

കട്ടപ്പന
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിങ്കൾ മുതൽ ആഗസ്ത് ഒന്നുവരെ സെക്രട്ടറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. തിങ്കൾ കെ യു ജനീഷ്‌കുമാർ എംഎൽഎ, ചൊവ്വാഴ്ച വി കെ പ്രശാന്ത് എംഎൽഎ, ബുധനാഴ്ച കെ ടി ജലീൽ എംഎൽഎ, വ്യാഴാഴ്ച മുൻ എംഎൽഎ എം വി ജയരാജൻ, വെള്ളിയാഴ്ച വി ജോയി എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും. കരാറുകാർക്ക് ലൈസൻസ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, മണൽവാരൽ ഉടൻ ആരംഭിക്കുക, സൈറ്റ് ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക, ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരിക്കുക, ക്വാറി മാഫിയകളെ നിയന്ത്രിക്കുക, കെ സ്മാർട്ടിലെ അപാകത പരിഹരിക്കുക, നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിർമാണ മേഖല ലാഭകരമല്ലാത്ത വ്യവസായമായി മാറുന്നതിനാൽ പ്രവാസികളും ബിസിനസുകാരും കർഷകരും പണം നിക്ഷേപിക്കാൻ തയാറല്ല. കെട്ടിടങ്ങൾ, ഫ്‌ളാറ്റുകൾ, വീടുകൾ എന്നിവയുടെ നിർമാണവും കുറഞ്ഞു. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം. നിർമാണ സാമഗ്രികളുടെ വില ഏകീകരിക്കണം. വിലക്കയറ്റം തടയാൻ വില നിയന്ത്രണാധികാര സമിതി രൂപീകരിക്കണം. പ്രകൃതി ചൂഷണം ഒഴിവാക്കാൻ ക്വാറി ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച് മണൽവാരൽ പുനരാരംഭിക്കണം. സർക്കാരിന്റെ കെ സ്മാർട്ട് സംവിധാനത്തെ സംഘടന സ്വാഗതം ചെയ്യുന്നു. കൈക്കൂലി ഒഴിവാക്കാനും ബിൽഡിങ് പെർമിറ്റ് നൽകുന്നത് സുതാര്യമാക്കാനും ഇത് പ്രയോജനപ്പെടുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ സംവിധാനം പ്രവർത്തിപ്പിക്കണം. പെർമിറ്റ് വേഗത്തിൽ ലഭ്യമാക്കാൻ സോഫ്‌റ്റ്വെയറിൽ സൗകര്യം ഏർപ്പെടുത്തണം. സൈറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ലിറ്റീഷ് കെ മാത്യു, വൈസ് പ്രസിഡന്റ് എം കെ രാജേഷ്, പി എൻ റെജി എന്നിവർ പങ്കെടുത്തു.








0 comments