ഹൈറേഞ്ചിന്റെ ചരിത്രം കൊത്തിയ റാണിക്കല്ല്

ടി കെ സുധേഷ്‌കുമാർ
Published on Oct 05, 2025, 12:15 AM | 1 min read
അടിമാലി
ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെയും രാജഭരണത്തിന്റെയും അവശേഷിപ്പുകളുടെ കഥ പറയുന്ന ‘സ്‌മാരകശില’യാണ് റാണിക്കല്ല്. ഹൈറേഞ്ചിലേക്കുള്ള യാത്രയുടെ കവാടത്തിൽ, ചരിത്രത്തിലേക്ക് തുറക്കുന്ന കവാടമാണ് ഇൗ കരിങ്കല്ല് സ്‌തൂപം. ദേശീയപാത 85ല്‍ ഹൈറേഞ്ചിന്റെ കവാടമായ രാജകീയപാലം കടന്നുചെന്നാല്‍ റാണിക്കല്ല് ദൃശ്യമാകും. കരിങ്കല്ല് കെട്ടില്‍ രാജഭരണത്തിന്റെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്.
വാണിജ്യ പാതയുടെ കഥ
മൂന്നാറിലേക്കുള്ള ആദ്യ വ്യാപാരപാത കൊച്ചിയിൽനിന്ന് തട്ടേക്കാട്, മാങ്കുളം വഴി നീണ്ടുപോകുന്നതായിരുന്നു. ഹൈറേഞ്ചിൽനിന്ന് സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ ചരക്കുകളും കൊച്ചിയിലേക്കെത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. നിലവിലെ ദേശീയപാതയിലുള്ള ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ലെ മഹാപ്രളയത്തിൽ(99-ലെ വെള്ളപ്പൊക്കം) രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് പാത തകർന്നടിഞ്ഞു. പൂയംകുട്ടി മുതൽ മാങ്കുളംവരെയുള്ള പാത വെള്ളപ്പൊക്കത്തിൽ നാമാവശേഷമായി. എല്ലാ യാത്രാമാര്‍ഗങ്ങളും അടഞ്ഞു. ഇതോടെ കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ പൂര്‍ണമായി നിലച്ചു.
മഹാറാണിയുടെ ഉത്തരവും പുതിയ പാലവും
ഗതാഗതം നിലച്ചതിന് പരിഹാരമായി മഹാറാണി സേതുലക്ഷ്മി ഭായി ആലുവ–മൂന്നാർ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ ഉത്തരവിട്ടു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു നിർമാണം. പത്തുവർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്. 1934-ൽ ശ്രീചിത്തിരതിരുനാൾ രാമവർമ്മ രാജകീയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതുലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമിച്ചിരിക്കുന്നത്. 1935-ന് ശേഷം ഹൈറേഞ്ചിൽ ഉണ്ടായ സാമൂഹ്യ-–സാമ്പത്തിക വളർച്ചയ്ക്ക് നേര്യമംഗലം പാലം മുഖ്യ പങ്കുവഹിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. ഹൈറേഞ്ചിലേക്കുള്ള യാത്രയ്‌ക്ക് സ്വാഗതമരുളുന്ന രാജകീയപാലവും റാണിക്കല്ലും ചരിത്രത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്നു. കരിങ്കല്ലിലെ രാജമുദ്രയിൽ ഇംഗ്ലീഷില്‍ ‘ദി ഹൈ റേഞ്ചസ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മാസം 1106 മീനമാസത്തിലാണ് ഹൈറേഞ്ചിലേക്കുള്ള പാത തുറന്നുകൊടുത്തതെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.








0 comments