മധുരം വിളമ്പി അറിവിലേക്ക്

അർജുനും അനന്തുവും പായസം വില്പ്പനയിൽ
കരിമണ്ണൂർ
പഠിക്കണം, അതിനൊപ്പം വരുമാനവും വേണം. അർജുനും അനുജൻ അനന്തുവിനും ഇതായിരുന്നു ലക്ഷ്യം. പായസങ്ങളോടുള്ള നാടിന്റെ ഇഷ്‍ടം തന്നെ തെരഞ്ഞെടുത്തു. മൂന്നുവർഷം മുന്പ് ഒരോണക്കാലത്ത് തുടങ്ങിയ പായസ വില്‍പ്പന ഹിറ്റായി. വണ്ടമറ്റം ബൈപാസില്‍ അച്ഛൻ ഷൈമോനും അമ്മ ബിന്ദുവും ചേർന്ന് അവശ്യവസ്‍തുക്കളും ചായയുമൊക്കെ കിട്ടുന്ന ചെറിയൊരു കടയിട്ടത് ഏഴുവർഷം മുമ്പാണ്. ഇരുവരെയും സഹായിക്കാൻ അര്‍ജുനും അനന്തുവും പായസ കച്ചവടത്തിലേക്ക് തിരിഞ്ഞു. അമ്മ ബിന്ദുവും അർജുനും ചേര്‍ന്നാണ് പായസം തയ്യാറാക്കും. ശേഷം സഹോദരങ്ങള്‍ തങ്ങളുടെ കടയുടെ തിണ്ണയില്‍ മേശയിട്ട് പായസം വില്‍പന തുടങ്ങി. വാങ്ങിച്ചവർക്കെല്ലാം ഇഷ്ടം. അതോടെ വർഷം മുഴുവൻ പായസം വിൽക്കാൻ തീരുമാനിച്ചു. ഓണക്കാലത്താണ് തിരക്കേറുന്നത്. ഇക്കൊല്ലവും പായസം വാങ്ങാൻ വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെത്തുന്നുണ്ട്, അര്‍ജുൻ പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിങ്ങില്‍ ഡിപ്ലോമയുണ്ട് 26കാരൻ അര്‍ജുന്. നിലവില്‍ ഇഗ്നോയിൽ ബിഎ സൈക്കോളജി പഠിക്കുന്നു. 24കാരൻ അനന്തു ബിപിഎഡ് കഴിഞ്ഞു. ഇഗ്നോയിൽ സോഷ്യോളജി ഡിഗ്രി ചെയ്യുന്നുണ്ട്. പായസം ഹിറ്റായതോടെ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഡെലിവറി സംവിധാനത്തെപ്പറ്റിയും ഇവർ ആലോചിക്കുന്നുണ്ട്.








0 comments