കണ്ട് മതിയാകാതെ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ


സ്വന്തം ലേഖകൻ
Published on Jan 22, 2026, 12:15 AM | 1 min read
മൂന്നാർ
വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ. പൂച്ചെടികളുടെ എണ്ണിയാലൊടുങ്ങാത്ത ശേഖരം കണ്ടറിയാൻ നിരവധി പേരാണ് സീസണിലും ഓഫ് സീസണുകളിലുമെത്തുന്നത്. അവധിക്കാലം കഴിഞ്ഞിട്ടും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തിരക്കൊഴിയുന്നില്ല. കൊച്ചി– ധനുഷ്‍കോടി ദേശീയപാതയിൽ ദേവികുളം റോഡിലാണ് ഡിടിപിസിയുടെ കീഴില്‍ ബൊട്ടാണിക്കൽ ഗാർഡൻ പ്രവര്‍ത്തിക്കുന്നത്. സന്ദർശകർക്കായി വിവിധങ്ങളായ സൗകര്യങ്ങളാണിവിടെ ഒരുക്കിയിട്ടുള്ളത്. പൂച്ചെടികളുടെ വൈവിധ്യമാണ് ഉദ്യാനത്തിന്റെ പ്രധാന ആകർഷണം. 1500ലേറെ ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലധികം ചെടികളുണ്ടിവിടെ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സൂപ്പർ റിയാലിറ്റി ഡോം തിയറ്ററും സജ്ജം. കണ്ണടകൾ ഉപയോഗിക്കാതെ 360 ഡിഗ്രിയിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൂട്ടുന്നു. ഒരേസമയം 30 പേർക്കാണ് പ്രവേശനം. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് തീയറ്ററില്‍ കാത്തിരിക്കുന്നത്. ആംഫി തീയറ്റർ, മൂസിക്കൽ ഫൗണ്ടൻ, ഫിഷ് സ്‍പാ, ചെയർമസാജ്, 16 ഡി തീയറ്റർ, കുട്ടികളുടെ പാർക്ക്, വാച്ച്ടവർ, കോഫി ഷോപ്പ്, സെൽഫി പോയിന്റ്, ദീപാലങ്കാരം, കുട്ടികൾക്കായി പ്രത്യേക വിനോദങ്ങള്‍ തുടങ്ങിയവയുമുണ്ട്. മൂന്നാറിന്റെ സൗന്ദര്യം ഉയരത്തിൽനിന്നും കാണാൻ ചില്ലുപാലം നിര്‍മാണവും നടക്കുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളും ഉദ്യാനത്തിലുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി 10വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100രൂപയും കുട്ടികൾക്ക് 50രൂപയുമാണ് നിരക്ക്.










0 comments