മാട്ടുപ്പെട്ടിയിൽ ബോട്ടിങ് പുനഃരാരംഭിക്കാനായില്ല

മാട്ടുപ്പെട്ടി അണക്കെട്ടിൽ ബോട്ടുകൾ കരയ്ക്കടുപ്പിച്ച നിലയിൽ
മൂന്നാർ
മാട്ടുപ്പെട്ടി അണക്കെട്ടിൽ നിർത്തിവച്ച ബോട്ടിങ് പുനഃരാരംഭിക്കാനായില്ല. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ഷട്ടറുകൾ തുറന്ന് ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് ബോട്ടിങ് നിർത്തിയത്. മെയ് രണ്ടിനാണ് ഷട്ടറുകൾ തുറന്നത്. അറ്റകുറ്റപ്പണികൾ അവസാനിച്ചെങ്കിലും ഷട്ടർ അടച്ചിട്ടില്ല. വെള്ളം മൂന്നാർ ഹെഡ്‌വർക്സ് അണക്കെട്ടിലേക്ക് ഒഴുകുകയാണ്. മഴക്കുറവും പ്രശ്‌നമാണ്. വൈദ്യുതി ബോർഡാണ് അണക്കെട്ടിൽ പ്രധാനമായും ബോട്ടിങ് നടത്തുന്നത്. കൂടാതെ ജില്ലാ ടൂറിസം വകുപ്പിന്റെയും ഹൈഡൽ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ സഞ്ചാരികൾക്കായി ഏതാനും ടൂറിസ്റ്റ് ബോട്ടുകളും പ്രവർത്തിപ്പിക്കുന്നു. നിലവിലുള്ള ജലനിരപ്പിനനുസരിച്ച് പെഡൽ ബോട്ടുകൾ മാത്രമാണ് ഇറക്കുന്നത്. കുണ്ടള ഡാമിൽ പെഡൽ ബോട്ടും തുഴച്ചിൽ ബോട്ടും സഞ്ചാരികൾക്ക് നൽകുന്നു. ജില്ലാ ടൂറിസം വകുപ്പിന്റെ അഞ്ച് സീറ്റുകളുള്ള നാല് അതിവേഗ ബോട്ടുകളും 10 സീറ്റുകളുള്ള ഓരോ ബോട്ടും 20 സീറ്റുകളുള്ള ഓരോ ബോട്ടുമുണ്ട്. ഹൈഡൽ ടൂറിസത്തിന് നാല് സ്പീഡ് ബോട്ടുകൾ, നാലും അഞ്ചും സീറ്റുകളുള്ള സ്പീഡ് ബോട്ടുകൾ, മൂന്നും 20 ഉം സീറ്റുള്ള സ്പീഡ് ബോട്ടുകൾ എന്നിവയുമുണ്ട്. സർവീസ് നിർത്തിവച്ചതോടെ കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നശേഷമെ എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ സർവീസ് നടത്തുകയുള്ളു. ജലനിരപ്പ് ഉയരുന്നതിന് കാത്തിരിക്കേണ്ടതായി വരും. മൺസൂൺ ടൂറിസ്റ്റുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടിയിൽ എത്തുന്നവർ ബോട്ടിങ് നടത്താനാകാതെ നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്.










0 comments