മൂന്നാർ ദേശീയപാതയിലെ പെട്ടിക്കടകൾ പൊളിച്ചുമാറ്റി

ദേശീയപാത ബൈ പാസിൽ അനധികൃത പെട്ടിക്കടകൾ പൊളിച്ചു നീക്കിയപ്പോൾ
മൂന്നാർ
കൊച്ചി–ധനുഷ്ക്കോടി ദേശീയ പാതയിൽ നിർമിച്ചിരുന്ന പെട്ടിക്കടകൾ പൊളിച്ചു നീക്കി. ദേശീയപാതയോട് ചേർന്ന് പഴയ മൂന്നാർ ബൈപാസിൽ അനധികൃതമായി സ്ഥാപിച്ച 30 ഓളം കടകളാണ് മണ്ണ് മാന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചു നീക്കിയത്. അനധികൃത കൈയേറ്റത്തിനെതിരെ ഒരു മാസം മുമ്പ് ദേശീയപാത അധികൃതർ ഒഴിഞ്ഞു പോകണമെന്ന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും സ്വയം ഒഴിഞ്ഞു പോകാൻ തയാറാകാത്തതിനെ തുടർന്നാണ് ചൊവ്വാ രാത്രി ഏഴോടെ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ എൻഎച്ച് അധികൃതരും പൊലീസും ചേർന്ന് പൊളിച്ചു നീക്കിയത്. ദേശീയപാതയുടെ വീതി വർധിപ്പിക്കുന്ന ജോലികൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി പഴയ മൂന്നാർ മുതൽ മൂന്നാർ ടൗൺ വരെ റോഡരികിൽ ഉണ്ടായിരുന്ന പെട്ടിക്കടകൾ നേരത്തെ നീക്കം ചെയ്തിരുന്നു. ഈ കടകളാണ് അനധികൃതമായി ബൈപാസിൽ സ്ഥാപിച്ചത്. ആർഒ കവല മുതൽ പെരിയവര ജംങ്ഷൻ വരെ കടകൾക്ക് പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. പത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് ദേശീയ പാതയിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്ത് 20 ഓളം കടകൾ പൊളിച്ചു നീക്കിയിരുന്നു. മൂന്നാറിലെ അനധികൃത കയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.










0 comments