മുല്ലപ്പെരിയാർ ജലം തമിഴ്നാട്ടിലേക്ക് 
ഒഴുക്കാൻ തുടങ്ങിയിട്ട് 130 വർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2025, 12:25 AM | 1 min read

കുമളി ​

മുല്ലപ്പെരിയാറിൽനിന്നും തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടതിന് 130 വർഷം. തേക്കടി കനാൽ ഷട്ടർ തുറന്ന് തമിഴ്നാട്ടിലേക്ക് ആദ്യമായി വെള്ളംഒഴുക്കിയത് 1895 ഒക്ടോബർ 10നായിരുന്നു. 130 വർഷം പൂർത്തിയായ ദിനത്തിൽ തെക്കൻ തമിഴ്നാട്ടിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലോവർ ക്യാമ്പിൽ അണക്കെട്ടിന്റെ ശിൽപ്പി പെന്നീക്വിക്കിന്റെ സ്മാരകത്തിലെ പ്രതിമയിൽ പുഷ്പാർച്ചന, മാല ചാർത്തൽ എന്നിവ നടന്നു. പെരിയാർ ജലത്തിലേക്ക് പുഷ്പവൃഷ്ടിയും നടത്തി. 
 130 -ാം വാർഷിക പരിപാടികൾക്ക് നിരവധി സംഘടനകളാണ്‌ എത്തിയത്. തേനി, ഡിണ്ടിഗൽ, മധുര, രാമനാഥപുരം, ശിവഗംഗ എന്നിവയുൾപ്പെടെ അഞ്ച്‌ ജില്ലകളിലെ ജനങ്ങൾക്ക് കുടിവെള്ളത്തിനും കൃഷിക്കും വേണ്ടിയുള്ള ഒരു പ്രധാന ജലസ്രോതസ്സാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇംഗ്ലീഷ് എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്കാണ് അണക്കെട്ട് നിർമിച്ചത്. തെക്കൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം സമൃദ്ധമാക്കിയ എൻജിനിയർ ജോൺ പെന്നിക്വിക്കിന് പ്രദേശത്തെ ജനങ്ങൾ ദൈവതുല്യം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ദക്ഷിണ തമിഴ്നാട്ടിലെ ജനങ്ങൾ ഒക്ടോബർ 10 നെവളരെ പ്രധാനപ്പെട്ട ദിവസമായി കണക്കാക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. തുടർന്ന് മുല്ലപ്പെരിയാർ വെള്ളം ഒഴുക്കുന്ന വൈരവൻ നദിയിൽ പൂക്കൾ വർഷിച്ച്‌ ആദരാഞ്ജലി അർപ്പിച്ചു. റോഡിലൂടെ പോയ ജനങ്ങൾക്ക് മധുരപലഹാരങ്ങൾ നൽകി സന്തോഷം പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home