തൈപൊങ്കലിനെ വരവേറ്റ് അതിർത്തി ഗ്രാമങ്ങൾ

പൊങ്കൽ പ്രമാണിച്ച് മൂന്നാറിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കരിമ്പ്
മൂന്നാർ
പൊങ്കലിനെ വരവേറ്റ് തോട്ടം മേഖലയും അതിർത്തി ഗ്രാമങ്ങളും. വ്യാഴാഴ്ചയാണ് തമിഴ് പുതുവർഷാരംഭമായ തൈപ്പൊങ്കലിന് ആരംഭം കുറിച്ചുള്ള കാപ്പുകെട്ട്. അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലയിലും സ്ത്രീകൾ വീട്ടുമുറ്റങ്ങളിൽ അരിമാവും വർണപൊടികളും ഉപയോഗിച്ച് കോലങ്ങൾ വരച്ചും പുലർച്ചെ വീടിന്റെ മുൻവശം ചെങ്കരിമ്പും കൂരപ്പൂവും ഉപയോഗിച്ച് അലങ്കരിച്ചുമാണ് പൊങ്കലിനെ സ്വാഗതമരുളുന്നത്. തമിഴ് മാസമായ മാർഗളിയുടെ(ധനു) അവസാന ദിവസവും തൈമാസത്തിന്റെ(മകരം) ആദ്യ മൂന്ന് ദിവസങ്ങളിലുമാണ് പൊങ്കൽ ഉത്സവം. പൊങ്കലിന്റെ തുടക്ക ദിവസം ബോഗി എന്നാണ് അറിയപ്പെടുന്നത്. രണ്ടാംദിവസം തൈപ്പൊങ്കലിലാണ് പൊങ്കാല ഇടുന്നതും കോലം ഇടുന്നതും. മൂന്നാം ദിവസം മാട്ടുപ്പൊങ്കലാണ്. പശുക്കളെ കുളിപ്പിച്ച് കഴുത്തിൽ മാലയണിഞ്ഞും കൊമ്പുകളിൽ ചായം പൂശിയുമാണ് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നത്. നാലാം ദിവസമാണ് കാണും പൊങ്കൽ. ഈ ദിവസം ബന്ധുമിത്രാദികൾ സമ്മാനങ്ങളുമായി വീടുകൾ സന്ദർശിക്കും. പൊങ്കൽ ആഘോഷമാക്കുന്നതിന് തമിഴ് നാട്ടിൽനിന്നും എത്തിക്കുന്ന കരിമ്പും കൂരപ്പൂവും വാങ്ങാൻ വിവിധ എസ്റ്റേറ്റുകളിൽനിന്നും നിരവധി തൊഴിലാളികളാണ് മൂന്നാർ ടൗണിലെത്തിയത്. എല്ലാ വർഷവും സ്വകാര്യ തേയില കമ്പനി പൊങ്കലിന് തൊഴിലാളികൾക്ക് അവധി നൽകാറുണ്ട്.










0 comments