ഫയല്‍ ജീവിതമാണോ? ന്നാ പിന്നെ ‘ശരിയാക്കാം’

കെടിആർ
Published on Jul 21, 2025, 12:30 AM | 1 min read
സാധാരണക്കാരന്റേതടക്കം ജീവിതം ‘ചുവപ്പ് നാട' എന്ന സർക്കാർ ഫയലിൽ കുരുക്കിയിട്ടിരിക്കുന്ന കഥയാണ് ഐഎഎസുകാരനും എഴുത്തുകാരനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ 'യന്ത്രം' എന്ന നോവലിൽ പ്രതിപാദിക്കുന്നത്. ഏത് സർക്കാർ വന്നാലും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും ഞങ്ങളുടെയത്ര പഠിപ്പ് മറ്റാർക്കുമില്ലെന്നുമാണ് ചില വെള്ളാനകളുടെ നിലപാട്. ഇത് പൊതുവൽക്കരണത്തിലേക്ക് പോകും. യഥാർഥ ജന സേവകർക്കും ദോഷമാകും. സർക്കാർ സേവനമെല്ലാം ഇ ആയാലും ഓൺലൈനായാലും ചിലർ ചുവപ്പുനാടയിൽ കൂട്ടിക്കെട്ടിയിടും. പ്രത്യേകിച്ച് ഇടുക്കിയിൽ. ആരും അലകും പിടിയുമെന്നും മാറ്റാൻ വരേണ്ട. മുൻ വിധികളുമായാവും ഐഎഎസ് ലോബി മലനാട്ടിലെത്തുക. നാട്ടുകാർക്ക് പണി കൊടുക്കാൻ ഗവേഷണം നടത്തുന്ന 'അട്ടിപ്പേറുകാരുടെ' സംഘവുമുണ്ടാകും പിന്തുണയ്‍ക്ക്. ഇവിടെ ആറാട്ടുകൊമ്പന്മാർ റവന്യൂ പരമാധികാരിളാണ്. കാനനമധ്യേ ഭരണകൂടമായതിനാൽ ചൊവ്വാഴ്‍ചയോടെയെത്തി വാരാന്ത്യത്തിന് മുന്നേ മലയിറങ്ങും. സർവ പ്രധാനികളായി വാഴാൻ മേൽ പ്രമാണിമാരുടെ ഒത്താശയുണ്ട്. ആയിരം കണ്ണ് കുത്തിപ്പൊട്ടിച്ചാലേ അര വൈദ്യനാകൂ എന്ന തത്വം മനപാഠമാക്കിയിരിക്കുകയാണ് ചില ഉദ്യോഗസ്ഥ ശിങ്കങ്ങൾ. പുതിയതായി ഏത് ക്വാർട്ടേഴ്സ് നിർമിച്ചാലും വിട്ടുകൊടുക്കില്ല. മറ്റു വകുപ്പുകളുടെ ഫയൽ പോലും സെന്റീമീറ്റർ നീക്കില്ല. സ്വാതന്ത്ര്യ സമര സേനാനിയുടെ ആശ്രിത പെൻഷൻ ഫയലായാലും ഫിനാൻസുകാർ 10ലേറെ തവണ അങ്ങോട്ടുമിങ്ങോട്ടുമടിച്ച് രസിക്കും. കാരണം ഞങ്ങടെ പണിയിതാണ്. എന്തെങ്കിലും ചോദിച്ചാൽ ഗർജിച്ച് ജീവിതം കോഞ്ഞാട്ടയാക്കും. സീറ്റിൽ ഒട്ടുവിദ്യ പ്രയോഗവുമായിരുന്ന് മുട്ടാപ്പോക്ക് പറയും. ഉദരപൂരണമായാണ് കയറിപ്പറ്റുന്നത്. പിന്നെ പാവപ്പെട്ടവരോടും സാധാരണക്കാരോടും യുദ്ധം. ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രമെന്ന പോലെ നീന്തിത്തുടിക്കും. ആനപ്പിറകിൽ ചെന്ന് അമരകോശം വായിക്കുന്ന പോലെയാകും മാറ്റത്തിനായി ശ്രമിക്കുന്നവരുടെ അനുഭവം.









0 comments