വിമാന അപകടത്തിന് 54 വയസ്
കമ്പത്തെ ആകാശദുരന്തം

കമ്പം അപകടത്തിൽ തകർന്ന വിമാനം
കെ എ അബ്ദുള്‍ റസാഖ്
Published on Dec 12, 2025, 12:15 AM | 1 min read
കുമളി
1971 ഡിസംബര്‍ ഒമ്പത് പകല്‍ 11.30. യാത്രക്കാരുമായി ഇന്ത്യൻ എയർലൈൻസിന്റെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‍സ് എച്ച്എഎൽ- 748 ആവ്റോ വിമാനം തിരുവനന്തപുരത്തുനിന്നും പറന്നുയര്‍ന്നു. മധുര വഴി മദ്രാസാണ് ലക്ഷ്യം. 12.10വരെ വിമാനത്തിലെ ക്രൂ തിരുവനന്തപുരവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് അപ്രത്യക്ഷമായി. ഒരു വിവരവുമില്ല. കുറേ സമയങ്ങള്‍ക്ക് ശേഷം കമ്പത്തിന് സമീപം മേഘമല എസ്റ്റേറ്റിലേക്ക് സഹകരണസംഘം രജിസ്‍ട്രാര്‍ കൃഷ്‍ണൻ നമ്പ്യാരെത്തി. എസ്റ്റേറ്റിലെ മലനിരകളില്‍ വിമാനം തകര്‍ന്നുവീണിരിക്കുന്നു എന്ന ദുരന്തവാര്‍ത്ത അറിയിച്ചു. 21 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് 54 വയസ് പിന്നിടുന്നു. ബെംഗളുരുവില്‍നിന്ന് കോയമ്പത്തൂർ, കൊച്ചി വഴി തിരുവനന്തപുരത്തെത്തിയ വിമാനം മധുരവഴി മദ്രാസിലേക്ക് മടങ്ങുകയായിരുന്നു. 5200 അടി ഉയരത്തിലായിരുന്നു പറന്നിരുന്നത്. എന്നാല്‍ മധുര വിമാനത്താവളത്തിന് ഏകദേശം 90 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി മേഘമല പർവതനിരയിലുള്ള ഒരു പർവതത്തിന്റെ ചരിവിൽ ഇടിച്ച് തകരുകയായിരുന്നു. പിന്നീട് കമ്പത്തിന് തെക്കുകിഴക്കായി വൈകിട്ടോടെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാല് ജീവനക്കാരും 17യാത്രക്കാരും കൊല്ലപ്പെട്ടു. 10 പേർക്ക് ഗുരുതര പരിക്കേറ്റു. പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. വിമാനം പൂർണമായും തകർന്നിരുന്നു. അപകടസമയത്ത് വിമാനം 46 കിലോമീറ്റർ വടക്കോട്ട് ദിശ തെറ്റിപ്പോയതായി കണ്ടെത്തി. ഉപരണങ്ങളുടെ പിശകോ അവ തെറ്റായി വ്യഖ്യാനിച്ച ജീവനക്കാരുടെ പിശകോ ആകാം അപകടകാരണമെന്നാണ് പറയപ്പെടുന്നത്.










0 comments