നവകേരള സദസ്സില്‍ കട്ടപ്പനയ്ക്ക് 2 റോഡുകള്‍
ഒരുങ്ങാം ശുഭയാത്രയ്‍ക്ക്

നിര്‍മാണം പുരോഗമിക്കുന്ന കട്ടപ്പന നേതാജി ബൈപ്പാസ് റോഡ്
കട്ടപ്പന
കട്ടപ്പന നഗരവികസനത്തിന് മുതല്‍ക്കൂട്ടാകാൻ ബൈപാസ് റോഡുകള്‍ സജ്ജമാകുന്നു. ആറുകോടിയുടെ നത്തുകല്ല്-–വെള്ളയാംകുടി–കക്കാട്ടുകട റോഡില്‍ കക്കാട്ടുകട–വെള്ളയാംകുടി റീച്ചിന്റെയും ഒരുകോടിയുടെ കട്ടപ്പന നേതാജി ബൈപ്പാസ് റോഡിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി നയിച്ച നവകേരള സദസ്സില്‍ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലുമാണ് റോഡുകള്‍ അനുവദിച്ചത്. ടെന്‍ഡര്‍ പൂര്‍ത്തിയായ 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കക്കാട്ടുകട–വെള്ളയാംകുടി റീച്ചിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗിക്കുന്നു. എട്ട് മീറ്റര്‍ വീതിയില്‍ 5.5 മീറ്റര്‍ ടാറും 2.5 മീറ്റര്‍ ഇരുവശങ്ങളിലുമായി കോണ്‍ക്രീറ്റും ചെയ്യും. വെള്ളയാംകുടിയില്‍നിന്ന് കട്ടപ്പന നഗരത്തില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേയ്ക്കും മറ്റിടങ്ങളിലേക്കും പുതിയ ബൈപ്പാസിലൂടെ കുതിക്കാം. മലയോര ഹൈവേയ്ക്ക് പുറമേ ഈ പാതകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. മണ്ഡലകാലത്ത് കട്ടപ്പന വഴി ശബരിമലയിലേക്ക് പുറപ്പെടുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ക്കും അതിര്‍ത്തി കടന്നെത്തുന്ന ഭാരവാഹനങ്ങള്‍ക്കും പാതകള്‍ പ്രയോജനപ്പെടും. നേതാജി ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരവികസനത്തിന് കുതിപ്പേകും. നഗരത്തിലെ തിരക്കൊഴിവാക്കി ഇടുക്കിക്കവലയില്‍നിന്ന് പള്ളിക്കവലയിലെത്തി അമ്പലക്കവല, വള്ളക്കടവ്, കോട്ടയം റൂട്ടുകളിലേക്കും വേഗത്തിലെത്താം. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. നഗരത്തില്‍ തിരക്കേറുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതും ഈ റൂട്ടിലൂടെയാണ്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ പാതകളെ ബന്ധിപ്പിച്ചുള്ള 30 കോടിയുടെ റിങ്‍റോഡ് പദ്ധതിയും ഉടന്‍ ആരംഭിക്കും. നഗരസൗന്ദര്യവല്‍ക്കരണവും ഇതോടൊപ്പം നടത്തും. മലയോര ഹൈവേയുടെ മൂന്നാം റീച്ചായ കട്ടപ്പന മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗത്തെ നിര്‍മാണത്തിന്റെയും ടെന്‍ഡറും പൂര്‍ത്തിയായി.










0 comments