തീരുമാനം ചരിത്രപരം: എല്‍ഡിഎഫ്
കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയ നിര്‍മാണ നിരോധനം നീക്കി ജനകീയ സര്‍ക്കാര്‍

കട്ടപ്പന
കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍നിന്ന് ചോദിച്ചുവാങ്ങിയ നിര്‍മാണ നിരോധനം പൂര്‍ണമായി നീക്കിയുള്ള മന്ത്രിസഭാ തീരുമാനം ജില്ലയുടെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വഴിത്തിരിവാണെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി പട്ടയഭൂമിയില്‍ ഏതുവിധത്തിലുള്ള നിര്‍മാണങ്ങളും സുഗമമായി തുടരാം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഉണ്ടായിരുന്ന തടസ്സമാണ് ഇതോടെ ഇല്ലാതായത്. 1960ലെ ഭൂനിയമവും 1964ലെ ചട്ടവുമനുസരിച്ച് ജില്ലയില്‍ യഥേഷ്ടം നിര്‍മാണങ്ങള്‍ നടന്നിരുന്നു. 50 വര്‍ഷത്തിലേറെയായി തുടര്‍ന്നിരുന്ന നിര്‍മാണം തടസ്സപ്പെടാനിടയായത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്. പള്ളിവാസലിലെ കെട്ടിട നിര്‍മാണത്തിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ജില്ലയിലെ വാണിജ്യ നിര്‍മാണങ്ങള്‍ ഒന്നാകെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ 1960ലെ ഭൂനിയമം ഭേദഗതി ചെയ്യുകയും ചട്ടം രൂപീകരിക്കുകയും ഇതുവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. അപ്പോഴും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന തുടര്‍ നിര്‍മാണങ്ങളെന്ന ആവശ്യമാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ സഫലമായിരിക്കുന്നത്. സർക്കാരിന് അഭിവാദ്യമർപ്പിച്ച് 16ന് ജില്ലയിൽ പ്രധാനകേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തും.
ഫീസ് പൂര്‍ണമായി ഒഴിവാക്കും
പുതിയ നിര്‍മാണങ്ങള്‍ തുടങ്ങുമ്പോള്‍ വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മിക്കുന്ന കെടിടങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് പൂര്‍ണമായി ഒഴിവാക്കും. കൂടാതെ 5000 ചതുരശ്ര അടിക്കുതാഴെ വിസ്തീര്‍ണമുള്ള വാണിജ്യ/ വ്യവസായ കെട്ടിടങ്ങള്‍ക്കും ഫീസ് ഉണ്ടാകില്ല. 5000 മുതൽ- 10,000 ചതുരശ്ര അടിയിലുള്ള കെടിടങ്ങള്‍ക്ക് വസ്തുവിന്റെ ന്യായവിലയുടെ ഒരുശതമാനം മാത്രം അടച്ചാല്‍ മതിയാകും.
ഇത് സ്വപ്ന സാക്ഷാൽക്കാരം
മലയോര ജനതയുടെ സ്വപ്ന സാക്ഷാൽക്കാരമാണിത്. 2010 മുതല്‍ നിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. നിലവില്‍ ഇത്തരം നിര്‍മിതികള്‍ ഉണ്ടായിരുന്നത് ക്രമവല്‍ക്കരിക്കാന്‍ ചട്ടം ഉണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയും ലഭ്യമാകുകയാണ്. മന്ത്രിസഭയുടെ തീരുമാനം വന്നതോടെ മലയോരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വൻ കുതിപ്പുണ്ടാകും. നിയമപരമായ മുഴുവന്‍ പരിശോധനകള്‍ക്കും വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്കും ശേഷമാണ് പഴതടച്ച ചട്ടനിര്‍മാണം സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്.
വന്യജീവി ആക്രമണം: ദുരിതാശ്വാസം 14 ലക്ഷം ചരിത്ര തീരുമാനം
വന്യജീവി ആക്രമണത്തില്‍ മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അധിക ധനസഹായം അനുവദിക്കുന്നതും ചരിത്ര തീരുമാനമാണ്. മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷവും വനം- വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് നാല് ലക്ഷം രൂപയ്ക്ക് പുറമേ സിഎംഡിആര്‍എഫില്‍നിന്ന് ആറ് ലക്ഷവും അനുവദിക്കും. 40 മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് 74,000 രൂപയും വനംവകുപ്പില്‍നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനംവന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആര്‍എഫില്‍നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രിവാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94,600 രൂപയും അനുവദിക്കും.
യുഡിഎഫ് വരുത്തിയ വിനാശത്തിൽനിന്നും എൽഡിഎഫ് മോചിപ്പിച്ചു
ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍, ബഫര്‍സോണ്‍ മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങളില്‍നിന്നും ചതിക്കുഴികളില്‍നിന്നും മലയോര ജനതയെ മോചിപ്പിക്കുന്ന സുപ്രധാനമായ തീരുമാനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. കപട പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കുടിയേറ്റ കര്‍ഷകരെ നിര്‍ബന്ധിത കുടിയിറക്കത്തിന് വഴിതെളിച്ച നിയമക്കുരുക്കുകളില്‍നിന്ന് രക്ഷിച്ച് ഓരോ കുടിയേറ്റ കര്‍ഷകനും അഭിമാനത്തോടെ ഇടുക്കിയുടെ മണ്ണില്‍ സ്വതന്ത്രവും സുഗമവുമായ ജീവിതം നയിക്കുന്നതിന് അവസരമൊരുക്കുന്ന ആത്മനിര്‍ഭരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, നേതാക്കളായ വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, വി ആര്‍ സജി, അനിൽ കൂവപ്ലാക്കൽ, മാത്യു ജോര്‍ജ്, സി എസ് അജേഷ് എന്നിവര്‍ പങ്കെടുത്തു.










0 comments