പീരുമേട് മണ്ഡലം
ഇടതാണിവിടെ ‘ചങ്ക് ’

എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാർ, യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസ്
ജോബി ജോർജ്
Published on Mar 28, 2026, 03:22 AM | 2 min read
പീരുമേട്
കുട്ടിക്കാനം പള്ളിക്കുന്ന് സിഎസ്‌ഐ പള്ളിയെ പൈതൃകസ്‌മാരമാക്കിയതിലുള്ള സന്തോഷമാണ് വെളളിയാഴ്‌ച പീരുമേട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാറിന് നൽകിയ സ്വീകരണത്തിൽ ദൃശ്യമായത്. പള്ളിക്കുന്ന് പള്ളിക്ക് പൈതൃക ടൂറിസം പദ്ധതിയില്‍ ഒരുകോടിയാണ് ബജറ്റിൽ അനുവദിച്ചത്. തോട്ടംലയങ്ങളുടെ പുനരുദ്ധാരണം, തോട്ടം ഇതര വരുമാന വർധനയ്‌ക്കുള്ള കൃഷികൾ തുടങ്ങി വാഴൂർ സോമൻ എംഎൽഎയുടെ സ്വപ്‌നങ്ങൾ സഫലീകരിക്കാനാണ് ഇക്കുറി പീരുമേട് മണ്ഡലത്തിൽഎൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാർ മത്സരിക്കുന്നത്. തേയില– ഏലം, റബർതോട്ടങ്ങളും ടൂറിസം മേഖലയും ചേർന്ന പീരുമേട് മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ്. തൊഴിലാളി നേതാവും സിപിഐ ജില്ലാ സെക്രട്ടറി എന്നനിലയിലുള്ള ഇടപെടലുകളും കെ സലിംകുമാറിനെ സ്വീകാര്യനാക്കുന്നു. എൽഡിഎഫ് ജില്ലാ കൺവീനറായിരുന്നപ്പോൾ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ, പട്ടയം, നിർമാണ നിരോധനമുൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ നടത്തിയ ഇടപെടലുകളും നിർണായകമാണ്. 1967 മുതലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഭൂരിഭാഗവും ഇടതുപാര്‍ടികളാണ് ജയിച്ചിട്ടുള്ളത്.
2100 കോടിയുടെ വികസനം
പീരുമേടിന്റെ സര്‍വമേഖലകളിലും വികസനം എത്തിക്കാനായ കാലമാണ് തുടര്‍ച്ചയായ രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടേത്. 2100 കോടിയുടെ വികസനം നടന്നു. തേക്കടി, വാഗമൺ ടൂറിസം മേഖലയിലുൾപ്പെടെ വെെവിധമാർന്ന വികസനപദ്ധതികളാണ് നടപ്പാക്കിയത്. പിന്നിട്ട അഞ്ചുവർഷം 1100 കോടിയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1000 കോടിയും. സര്‍ക്കാരും എംഎല്‍എയും കൈകോര്‍ത്തപ്പോള്‍ പീരുമേട് ഇക്കോ ലോഡ്‍ജ്, പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി 7.40 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കി. നാലുകോടിയുടെ പീരുമേട് സർക്കാർ അതിഥി മന്ദിരം. വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് സിൽവർ ജൂബിലി സ്‌മാരകമന്ദിരം 9.63 കോടി. . ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ രുകോടി രൂപ ചെലവഴിച്ച് ഫ്ലഡ്‍ലൈറ്റ് സംവിധാനമുൾപ്പെടെ മിനി സ്റ്റേഡിയം നിര്‍മിച്ചു. 203.36 കോടിയുടെ കുട്ടിക്കാനം– കട്ടപ്പന മലയോര ഹൈവേയുൾപ്പെടെ ഗതാഗതമേഖല അന്താരാഷ്‌ട്ര നിലവാരത്തിലെത്തി.45 മിനിറ്റില്‍ തേക്കടിയില്‍നിന്നും മുല്ലപ്പെരിയാർ അണക്കെട്ടിലെത്താവുന്ന പുതിയ നിരീക്ഷണ ബോട്ട് ‘ജലജീവൻ' സജ്ജമാക്കി. 12ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. 10 പേർക്ക് സഞ്ചരിക്കാം. ലയം ഹൗസിങ് പദ്ധതി തുടങ്ങി. തോട്ടം മേഖലയെ വ്യവസായ വാണിജ്യ വകുപ്പിൽ ലയിപ്പിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചു. മുമ്പ് ലയങ്ങളുടെ നിർമാണം–പുനരുദ്ധാരണം മാനേജ്മെന്റുകളാണ് നടത്തിയിരുന്നത്. പ്രതിസന്ധിയായതോടെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. മൂന്നാംതവണയും സിറിയക് തോമസാണ് കോൺഗ്രസ് സ്ഥാനാർഥി. മലനാട് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിക്കുന്നു. 2021 വാഴൂർ സോമൻ എംഎൽഎയ്‌ക്ക് 1835 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. ബിജെപി ഇടുക്കി സൗത്ത് ജനറൽ സെക്രട്ടറി രതീഷ് വരകുമലയായാണ് എൻഡിഎ സ്ഥാനാർഥി. ഏലപ്പാറ, കൊക്കയാര്‍, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍ കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. തോട്ടംമേഖലയുടെ തകർച്ചയ്‌ക്ക് കാരണമായ കോൺഗ്രസ് സർക്കാരുകളുടെ നവഉദാരവൽക്കരണ നയങ്ങളാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അതേനയങ്ങളും കോർപ്പറേറ്റ്‌വൽക്കരണവും തുടരുകയാണ്. അതിനാൽ തോട്ടം തൊഴിലാളികൾക്കിടയിൽ എൽഡിഎഫിന് മികച്ചസ്വീകാര്യതയാണുള്ളത്.










0 comments