ad
Deshabhimani

നവകേരള സദസ്സ്‌ തുണയായി

നത്തുകല്ല്–വെള്ളയാംകുടി–കക്കാട്ടുകട ബൈപാസ് റോഡ് നിര്‍മാണം ഉടന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 20, 2026, 09:15 PM | 1 min read

കട്ടപ്പന

നത്തുകല്ല്–വെള്ളയാംകുടി–കക്കാട്ടുകട ബൈപാസ് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രി നയിച്ച നവകേരള സദസ്സില്‍ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലുമാണ് റോഡിന് ആറ് കോടി രൂപ അനുവദിച്ചത്. നത്തുകല്ല്–വെള്ളയാംകുടി, കക്കാട്ടുകട–വെള്ളയാംകുടി എന്നീ രണ്ട് റീച്ചുകളിലായാണ് നിര്‍മാണം. ഇതില്‍ ടെന്‍ഡര്‍ പൂര്‍ത്തിയായ 4.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കക്കാട്ടുകട- വെള്ളയാംകുടി റീച്ചിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എട്ട് മീറ്റര്‍ വീതിയില്‍ 5.5 മീറ്റര്‍ ടാറിങ്ങും 2.5 മീറ്റര്‍ ഇരുവശങ്ങളിലുമായി കോണ്‍ക്രീറ്റും ചെയ്യും. ഇതോടെ വളവുകളും കയറ്റിറക്കങ്ങളും ഒഴിവാക്കപ്പെടും. കൂടാതെ, കട്ടപ്പന നേതാജി ബൈപ്പാസ്(കെ എം മാണി ബൈപാസ്) റോഡിനും ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് രണ്ട് പദ്ധതികളാണ് കട്ടപ്പന നഗരസഭയ്ക്ക് അനുവദിച്ചത്. വെള്ളയാംകുടിയില്‍നിന്ന് കട്ടപ്പന നഗരത്തില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേയ്ക്കും മറ്റ് സ്ഥലങ്ങളിലേക്കും പുതിയ ബൈപ്പാസിലൂടെ കടന്നുപോകാം. മലയോര ഹൈവേയ്ക്ക് പുറമേ ഈ പാതകള്‍ കൂടി നിര്‍മിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. മണ്ഡലകാലത്ത് കട്ടപ്പന വഴി ശബരിമലയിലേക്ക് പുറപ്പെടുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ക്കും അതിര്‍ത്തി കടന്നെത്തുന്ന ഭാരവാഹനങ്ങള്‍ക്കും ഈ പാതകള്‍ പ്രയോജനപ്പെടും. കട്ടപ്പന നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ പാതകളെ ബന്ധിപ്പിച്ചുള്ള 30 കോടിയുടെ റിങ് റോഡ് പദ്ധതിയും ഉടന്‍ ആരംഭിക്കും. 30 കോടി ചെലവഴിച്ചുള്ള പദ്ധതിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി. കട്ടപ്പന നഗരസൗന്ദര്യവല്‍ക്കരണവും ഇതോടൊപ്പം നടത്തും. മലയോര ഹൈവേയുടെ മൂന്നാം റീച്ചായ കട്ടപ്പന മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗത്തെ നിര്‍മാണത്തിന്റെയും ടെന്‍ഡര്‍ പൂര്‍ത്തിയായി. 44 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. ഇതോടെ കട്ടപ്പന നഗരത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വി ആര്‍ സജി, ഷാജി കൂത്തോടിയില്‍, എം സി ബിജു, കെ പി സുമോദ്, ലിജോബി ബേബി, സി ആര്‍ മുരളി, ബിജു വാഴപ്പനാടി എന്നിവര്‍ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home