രജത ജൂബിലിനിറവിൽ
ഇത് പഴയ മാങ്കുളമല്ല, വികസനച്ചിറകിലേറി

വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളം
ടി കെ സുധേഷ്‌കുമാർ
Published on Sep 08, 2025, 12:15 AM | 2 min read
അടിമാലി
രജത ജൂബിലിയോടടുക്കുന്ന മാങ്കുളം പഞ്ചായത്തിനിത് വികസനകാലം. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരണം നാടിന്റെ മുഖഛായ മാറ്റി. ഇടമലക്കുടി, പള്ളിവാസല്‍, മൂന്നാര്‍, കുട്ടമ്പുഴ പഞ്ചായത്തുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പട്ടണങ്ങളില്‍നിന്നും വേറിട്ടൊരു കുടിയേറ്റഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവനം. മഹാപ്രളയം കര്‍ഷകന്റെ ജീവിതം തകര്‍ത്തെങ്കിലും സര്‍ക്കാരും പഞ്ചായത്തും കൈപിടിച്ചുയര്‍ത്തി. പ്രതിസന്ധികള്‍ അതിജീവിച്ച് നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് നടക്കുകയാണ് എല്‍ഡിഎഫ് ഭരണസമിതി. തനത് പദ്ധതികള്‍ ആവിഷ്‌കരിച്ചും സഞ്ചാരികളെ ആകര്‍ഷിച്ചും പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവയ്‌പ്പ്. 2000ത്തിലാണ് പഞ്ചായത്ത് നിലവില്‍ വരുന്നത്. ഏറ്റെടുത്തത് 193 പദ്ധതികൾ വികസന പദ്ധതികൾക്കായി 22 കോടിയുടെ 193 പദ്ധതികൾ ഭരണസമിതി ഏറ്റെടുത്തു. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മിക്കാൻ പദ്ധതികളായി. കൃഷിയെമാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് മറ്റ് മേഖലകളിലും സഹായം നല്‍കുന്നു. ഇതിനായി കുടുംബശ്രീയിലൂടെ സൂക്ഷ്‌മ സംരംഭങ്ങള്‍ ആരംഭിക്കാൻ പദ്ധതികളായി. വനിതകള്‍ക്ക് വിവിധ തൊഴിൽ പരിശീലനം ആവിഷ്‌കരിച്ചു. പാലിയേറ്റീവ് പരിചരണം അവശരായ വയോജനങ്ങള്‍ക്കായി പാലിയേറ്റീവ് പരിചരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കി. വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും സംരക്ഷണത്തിനായി യഥാക്രമം ഒമ്പത്, അഞ്ച് ലക്ഷം ചെലവഴിച്ച് കട്ടിലും നല്‍കി. പട്ടികജാതി–വര്‍ഗ ഉന്നതികളുടെയും നഗറുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ക്ഷേമത്തിനുമായി ഉല്‍പ്പാദന സേവനമേഖലകളിലായി ഒന്പത് കോടിയോളം വകയിരുത്തി. 13 ഉന്നതികളിലായി 1000ഓളം കുടുംബങ്ങളുണ്ട്. ചിക്കണംകുടിയിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുണ്ട്. സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിച്ചു. ഒരു പട്ടികജാതി നഗറും 256 കുടുംബങ്ങളുമാണുള്ളത്. ഇ-–ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ–ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണംചെയ്തു. കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്‌ത് മുൻ ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍ക്ക് കാണാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനുമാകും. അഡ്വ. എ രാജ എംഎൽഎ ബസ് സ്റ്റാൻഡ് നിർമാണത്തിന് 98ലക്ഷം അനുവദിച്ചു. 2022, -23, 24 വർഷങ്ങളിലെ ആസ്തി വികസന ഫണ്ടിൽനിന്നാണിത്. ജോലികൾ ഉടൻ ആരംഭിക്കും. പഞ്ചായത്ത് വാങ്ങിയ 85സെന്റിലാണ് വ്യാപാര സമുച്ചയമടക്കം ഉയരുക. സൗരോര്‍ജ തൂക്കുവേലി മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ആനക്കുളം റേഞ്ചിന് കീഴിൽ കോഴിയിളക്കുടി ഉന്നതിയിൽ സൗരോര്‍ജ തൂക്കുവേലി നിര്‍മിച്ചു. അഡ്വ. എ രാജ എംഎല്‍എ മുന്‍കൈയെടുത്ത് 17.50ലക്ഷം ചെലവഴിച്ചാണ് 1.5 കിലോമീറ്ററില്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ആനക്കുളം മേഖലയിലെ കോഴിയള, മുള്ളൻമട 96 ഭാഗം എന്നിവിടങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരമാകും. കാണാം കാട്ടാനകളുടെ നീരാട്ട് കാട്ടാനകൾ നീരാട്ടിനെത്തുന്ന ആനക്കുളവും പെരുമ്പന്‍കുത്തും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ആദിവാസി ഉന്നതികളുമെല്ലാം നാടിന്റെ പെരുമ കൂട്ടുന്നു. പഴയ ആലുവ–മൂന്നാര്‍ രാജകീയപാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണ്ട്. ഭവനനിർമാണത്തിന് 10.40 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ദാരിദ്ര്യ നിർമാർജനത്തിന് 3.25 കോടി, പട്ടികവർഗ–ജാതി വിഭാഗങ്ങളുടെ വികസനത്തിന് 2.8 കോടി, ബസ് സ്റ്റാൻഡിന് 1.98 കോടി, ചെറുകിട ജലവൈദ്യുത പദ്ധതിയ്‌ക്കായി രണ്ടുകോടി, ആരോഗ്യ–ശുചിത്വമേഖലയ്ക്ക് 1.87 കോടി, റോഡ്, കലുങ്ക്, ചപ്പാത്ത് തുടങ്ങിയവയ്ക്ക് ഒരുകോടി എന്നിങ്ങനെയും വകയിരുത്തി. കുടിവെള്ളം, കാർഷികമേഖല, ക്ഷീരവികസനം, വിദ്യാഭ്യാസം, ആദിവാസി കുടികളിൽ സൗരോര്‍ജ വിളക്കുകള്‍ തുടങ്ങിയവയ്ക്കും പ്രഥമ പരിഗണന നല്‍കുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഭൂരഹിത, ഭവന രഹിതരില്ലാത്ത നാട്, സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവും ലക്ഷ്യമിടുന്നു.
ഗീത ആനന്ദൻ (പ്രസിഡന്റ്)
കക്ഷിനില എല്‍ഡിഎഫ്–- 10
യുഡിഎഫ്– -3








0 comments