ad
Deshabhimani

കമ്പം-–കമ്പംമെട്ട് റോഡ് 
നിർമാണജോലികൾ 
പുരോഗമിക്കുന്നു

cumbum

കമ്പം –കമ്പംമെട്ട് റോഡ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 12:15 AM | 1 min read

കുമളി

അറ്റകുറ്റപ്പണികൾക്കായി കമ്പം –കമ്പംമെട്ട് റോഡ് അടച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഒരുമാസത്തേയ്‌ക്ക്‌ അടച്ച റോഡിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കും പാലം നിർമാണത്തിനുമായി കഴിഞ്ഞ എട്ടുമുതലാണ് റോഡ് പൂർണമായും അടച്ചത്. കമ്പംമെട്ട് പാത അടച്ചതോടെ കുമളി വഴിയുള്ള തിരക്ക് കൂടിയതോടൊപ്പം ഗതാഗതക്കുരുക്കും പതിവായി. കമ്പത്തുനിന്നും ഇടുക്കിലേക്ക് തുറക്കുന്ന കമ്പംമെട്ട് മലയോര പാതയിലെ പണികൾ മൂലം ഒരു മാസത്തേയ്‌ക്കാണ് അടച്ചത്. തേനി ജില്ലയെ അയൽ സംസ്ഥാനമായ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ് കുമളി, കമ്പംമെട്ട്, ബോഡിമെട്ട് മലനിരകൾ. ഇതിൽ കമ്പത്തിൽ നിന്നുള്ള പ്രധാന മലനിരകളിലെ പാതയാണിത്‌. കേരളത്തിലെ ഏലം, തേയിലത്തോട്ടങ്ങളിൽനിന്നുള്ള തൊഴിലാളികളും പൊതുജനങ്ങളും ഉൾപ്പെടെ പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ്‌ പോയിരുന്നത്‌. 18 ഹെയർപിൻ വളവുകളുള്ള മലയോര പാത സമീപകാലത്ത് സാരമായി തകർന്നിരുന്നു. അപകടകരമായതോടെയാണ് നന്നാക്കാൻ ഹൈവേ വകുപ്പ് നടപടികൾ സ്വീകരിച്ചത്. മൂന്നു മാസമായി ഡ്രെയിനേജ്, സംരക്ഷണ ഭിത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. തകർന്ന പതിനെട്ടാം ഹെയർപിൻ വളവിന് സമീപം പുതിയ പാലം നിർമാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. വാഹനങ്ങൾ ബദൽ പാതയായ കുമളി മലമ്പാതയാണ്‌ ഉപയോഗിച്ച് വരുന്നത്‌. നിരോധനം മൂലം കമ്പംമെട്ട് റോഡ് വഴി നെടുങ്കണ്ടം, കട്ടപ്പന പരിസര പ്രദേശങ്ങളിലേക്ക് തേയിലത്തോട്ട ജോലികൾക്കായി പോകുന്ന തൊഴിലാളികൾക്ക് ഏകദേശം 40 കിലോ മീറ്റർ വഴിമാറി സഞ്ചരിക്കേണ്ടതായി വരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നതാണ്‌ ഇരു സംസ്ഥാനങ്ങളിലെയും തോട്ടം തൊഴിലാളികളുടെയും പൊതുജനങ്ങളുടേയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home