മൽഗോവ മുതൽ സിന്ദൂരം വരെ
തേനൂറും മാമ്പഴം

കമ്പത്ത് ദേശീയപാതയോരത്തെ മാമ്പഴക്കട

സ്വന്തം ലേഖകൻ
Published on Jul 14, 2026, 12:15 AM | 1 min read
കുമളി
മാമ്പഴ സീസൺ എത്തിയതോടെ ലോവർ ക്യാമ്പ് മുതൽ കമ്പം വരെയുള്ള കൊട്ടാരക്കര-– ദിണ്ടിഗൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്നത് ഡസൻ കണക്കിന് മാമ്പഴക്കടകൾ. 15 കിലോമീറ്റർ ഉള്ളിലാണ് ഇത്രയും കടകൾ പ്രവർത്തിക്കുന്നത്. ലോവർ ക്യാമ്പ്, കമ്പം, കൂടല്ലൂർ കൂടാതെ നിരവധി ഗ്രാമങ്ങളിലുമായി ഏക്കർ കണക്കിന് സ്ഥലത്താണ് മാമ്പഴം കൃഷിയുള്ളത്. കൂടുതൽ പരിചരണം ആവശ്യമില്ലാത്തതും മെച്ചപ്പെട്ട വിളവ് ലഭിക്കും എന്നതും മാങ്ങ കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നു. സീസൺ എത്തിയതോടെ വിളയിക്കുന്ന കർഷകർ തന്നെ മാങ്ങ പഴുപ്പിച്ച് പാതയോരത്തെ കടകളിൽ വില്പനയ്ക്ക് എത്തിക്കുകയാണ്. മുമ്പ് ചെറിയ വില മാത്രമാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഉയർന്ന വില ലഭിക്കുന്നുണ്ട്. കേരള അതിർത്തി പ്രദേശങ്ങളിലെ കടകളിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ മാങ്ങ വിൽപ്പന. മാർച്ച് മുതൽ ആഗസ്റ്റ് വരെയാണ് തമിഴ്നാട്ടിലെ മാമ്പഴ സീസൺ. തേനി, ദിണ്ടിഗൽ, രാമനാഥപുരം തുടങ്ങിയ തെക്കൻ ജില്ലകളിലാണ് കൂടുതൽ മാമ്പഴം കൃഷിയുള്ളത് മൽഗോവ, അൽഫോൻസ, നീലം, സിന്ദൂരം തുടങ്ങി നിരവധി ഇനങ്ങൾ കടകളിൽ വിൽക്കുന്നു. വിവിധയിനങ്ങൾക്ക് 50 മുതൽ 100 രൂപ വരെയാണ് കിലോ ഒന്നിന് ഈടാക്കുന്നത്. കർഷകർ നേരിട്ടും തൊഴിലാളികളെ നിയോഗിച്ചും മാന്പഴ കടകൾ നടത്തുന്നു. ഒപ്പം ഇളനീർ, മുന്തിരി, പേരയ്ക്ക, വെള്ളരിക്ക, വാഴപ്പഴം തുടങ്ങിയവയും വിൽപ്പന നടത്തുന്നുണ്ട്. ഇതുവഴി പോകുന്ന മലയാളികളാണ് കടകളിൽ നിന്നും സാധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത്. വിനോദസഞ്ചാരികളും പ്രധാന ഉപഭോക്താക്കളാണ്.









0 comments