ചികിത്സയും പരിചരണവും
മംഗള തൃശൂരിലേക്ക് യാത്രയാകുന്നു

കെ എ അബ്ദുള്‍ റസാഖ്
Published on Mar 09, 2026, 12:15 AM | 1 min read
കുമളി
അഞ്ചര വർഷം മുമ്പ് അമ്മ കടുവ ഉപേക്ഷിച്ച നിലയിൽ പെരിയാർ ടൈഗർ റിസർവിന് കിട്ടിയ മംഗളയെ തൃശൂര്‍ സൂവോളജി പാര്‍ക്കിലേക്ക് മാറ്റുന്നു. കണ്ണുകളിലെ തിമിരവും മറ്റ് ആരോഗ്യപ്രശ്‍നവും ഉള്ളതിനാല്‍ കാട്ടിലേക്ക് മാറ്റാനാകില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. തേക്കടി റേഞ്ചിലെ മംഗളാദേവിയിൽനിന്ന് 2020 നവംബർ 23നാണ് രണ്ടുവയസുള്ള പെൺ കടുവക്കുട്ടിയെ കിട്ടിയത്. മൃഗഡോക്ടർമാരുടെ പാനൽ കടുവാക്കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകി. "മംഗള" എന്ന് പേരുമിട്ടു. കടുവക്കുട്ടിയുടെ സാങ്കേതിക മാർഗനിർദ്ദേശങ്ങൾക്കും നിരീക്ഷണത്തിനും സാങ്കേതിക സമിതിയും രൂപീകരിച്ചു. പരിചരണം സൂഷ്‍മതയോടെ മംഗളയെ അമ്മയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മംഗളാദേവിക്ക് സമീപമുള്ള കരടിക്കവലയിലെ ആന്റി-പീച്ചിങ് ക്യാമ്പിൽ പാർപ്പിച്ചു. ഇടത് പിൻകാലിന്റെ ഭാഗം വിണ്ടുകീറിയതും കോർണിയയുടെ അതാര്യതയും മംഗളയം ദുര്‍ബലമാക്കിയിരുന്നു. ചികിത്സയും പരിചരണവും ആരോഗ്യം മെച്ചപ്പെടുത്തി. 2.78 ഹെക്ടറുള്ള ജംഗിൾ ഇന്നിന് സമീപമുള്ള ഒന്നാംകുളത്ത് ആനിമൽ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ഥാപിച്ചു. ചികിത്സിക്കുക, മാറ്റി പാർപ്പിക്കുക, പുനരധിവസിപ്പിക്കുക, വീണ്ടും കാട്ടിൽ കയറ്റുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ മംഗളയ്‍ക്ക് ലെൻസ് ലാറ്റേഷനോടുകൂടിയ ദ്വിമുഖ തിമിരമുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ റിപ്പോർട്ട് ചെയ്തു. കണ്ണിന്റെ അവസ്ഥയില്‍ കാര്യമായ പുരോഗതി കാണിക്കുന്നില്ലെന്ന് കമ്മിറ്റി നിരീക്ഷിച്ചു. നൽകിയ ചികിത്സയില്‍ കണ്ണിന്റെ അവസ്ഥ പൂർണമായും സുഖപ്പെട്ടില്ല. ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം. എന്നാൽ കാട്ടു/അർദ്ധ-കാട്ടു പൂച്ചകളിൽ ശസ്ത്രക്രിയാനന്തര പരിചരണം ബുദ്ധിമുട്ടായതിനാൽ അതും സാധ്യമല്ലെന്ന് കമ്മിറ്റി വിലയിരുത്തി. ശസ്ത്രക്രിയയ്‍ക്ക് ശേഷം കാട്ടിലേക്ക് മാറ്റുന്നതും വെല്ലുവിളിയാണ്. കടുവയില്‍ ആൽഫ മുദ്ര പതിപ്പിച്ചിട്ടുണ്ട്. വീണ്ടും കാട്ടിലേക്ക് മാറ്റുന്നത് മനുഷ്യനും കടുവയും തമ്മിലുള്ള സംഘർഷത്തിന് കാരണമാകും, കമ്മിറ്റി നിരീക്ഷിച്ചു. ആരോഗ്യസ്ഥിതിയും ചികിത്സയും വിശകലനം ചെയ്തശേഷമാണ് വീണ്ടും കാട്ടിലേക്ക് മാറ്റുന്നത് ശുപാർശ ചെയ്യാനാവില്ലെന്നും തടവിൽ വളർത്തണമെന്നും കമ്മിറ്റി തീരുമാനിച്ചത്. ഇതോടെയാണ് നൂതന വൈദ്യപരിചരണത്തിനായി പുത്തൂരിലെ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങളിലേക്ക് കടുവയെ മാറ്റാൻ ഉത്തരവിട്ടത്.










0 comments