ad
Deshabhimani

കാഴ്‌ചകളുടെ ‘കോട്ട’, മനം കവരുന്ന ‘പാറ’

കോട്ടപ്പാറയിൽ നിന്നുള്ള ദൃശ്യം

കോട്ടപ്പാറ മലയിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Aug 25, 2025, 12:15 AM | 1 min read

അടിമാലി

മലകളാല്‍ ചുറ്റപ്പെട്ട കാഴ്‌ചകളുടെ കോട്ടയാണ്‌ കോട്ടപ്പാറമല. അടിമാലിയുടെയും ഇതര മലയോര ഗ്രാമങ്ങളുടെ വിദൂര ദൃശ്യവും ഇടതൂര്‍ന്ന മൊട്ടക്കുന്നുകളും മലമുകളില്‍ പെയ്‌തിറങ്ങുന്ന കോടമഞ്ഞുമാണ്‌ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്‌ചകൾ. മലകൾ മലകളെ ചേർത്തുപിടിക്കുംപോലെ, കാറ്റ് മുഖത്ത് തഴുകിയിറങ്ങുമ്പോൾ യാത്രയിലെ ക്ഷീണം മുഴുവൻ മായും. മൊട്ടക്കുന്നുകളും പുല്‍മേടുകള്‍ക്കിടയില്‍ കാട്ടുകൊമ്പന്റെ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകളും കോട്ടപ്പാറയെ വ്യത്യസ്‌തമാക്കുന്നു. അടിമാലി, പള്ളിവാസല്‍ പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്ന മതില്‍ക്കെട്ടുപോലെയാണ്‌ കോട്ടപ്പാറമല.

ശാന്തം, സുന്ദരം

കോട്ടപ്പാറയുടെ വലിയ ആകർഷണം അതിന്റെ ശാന്തതയാണ്‌. നഗരത്തിന്റെ ശബ്‌ദകോലാഹലങ്ങളൊന്നും ഇവിടെ കടന്നുവരില്ല. കണ്ണുകൾ എത്ര ദൂരമെറിഞ്ഞാലും കാഴ്ചകൾക്ക് പഞ്ഞമില്ല. പാറക്കെട്ടുകളുടെ നടുവിലൂടെ വളർന്നുനിൽക്കുന്ന യൂക്കാലി മരങ്ങളും ഇടതൂർന്ന കുട്ടിവനങ്ങളും അനുപമസുന്ദരം. കാട്ടുച്ചെടികളുടെ വിളനിലം കൂടിയാണിവിടം.കോട്ടപ്പാറയിലെ സൂര്യോദയവും അസ്തമയവും കാണേണ്ട കാഴ്‌ചതന്നെയാണ്‌. മലനിരകൾ സ്വർണാഭമാകുമ്പോൾ തന്നെ പശ്ചാത്തലത്തിൽ വിണ്ണോരം ചുവപ്പുപടരും.

​എങ്ങനെ എത്താം

കൊച്ചി–മധുര ദേശീയപാതയില്‍ കല്ലാര്‍–കുരിശുപാറ വഴി സഞ്ചരിച്ചാല്‍ കോട്ടപ്പാറമലമുകളിലെത്താം. ചാഞ്ഞുകിടക്കുന്ന പുല്‍ക്കൊടികളെ വകഞ്ഞുമാറ്റി വേണം മലമുകളിലെത്താൻ. എത്രപകര്‍ത്തിയാലും പിന്നെയും കാണാന്‍ ബാക്കിവയ്‌ക്കുന്ന കാഴ്‌ചകളുടെ അനന്തതയാണ്‌ ഇവിടം സഞ്ചാരികൾക്ക്‌ ‘ഓഫർ’ ചെയ്യുന്നത്‌. കോട്ടപ്പാറയ്‌ക്ക്‌ ഒരിക്കലെത്തിയവരെ വീണ്ടും കൂട്ടികൊണ്ടുവരുന്ന ‘മാജിക്ക്‌’ കൂടി വശമുണ്ട്‌. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാച്ച് ടവര്‍ നിർമാണം പുരോഗമിക്കുകയാണ്‌. പച്ചപ്പില്‍ സ്‌നാനംചെയ്‌ത മലനാടിന്റെ വിദൂരഭംഗി കണ്ടാസ്വദിക്കാന്‍ ഓണാവധിക്കാലത്ത്‌ സഞ്ചാരികള്‍ കോട്ടപ്പാറയെ തേടിയെത്തുമെന്നാണ്‌ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home