ad
Deshabhimani

പത്താംക്ലാസുകാർക്ക് 
റോബോട്ടിക്സ് പരിശീലനം

robotics

കുട്ടികള്‍ റോബോട്ടിക് പരിശീലനത്തില്‍

വെബ് ഡെസ്ക്

Published on Jan 12, 2026, 12:15 AM | 1 min read

തൊടുപുഴ

ജില്ലയിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) 15 നകം റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലുമാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്‌. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട്(സെൻസറുകൾ), പ്രോസസർ(മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട്(ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും. രണ്ടാമത്തെ സെഷൻ പൂർണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിങിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃതവത്തിലാണ്‌ പരിശീലനം നടക്കുന്നത്. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളില്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട് . ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home