ad
Deshabhimani

രണ്ടാംഘട്ട നിര്‍മാണം പുരോഗമിക്കുന്നു

സുഗന്ധ താഴ്‍വരയാകാൻ സ്‍പൈസസ് പാര്‍ക്ക്

spices park

മുട്ടം തുടങ്ങനാട് സ്‍പൈസസ് പാര്‍ക്കില്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് കമ്പനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

avatar
നന്ദു വിശ്വംഭരൻ

Published on Oct 09, 2025, 12:30 AM | 1 min read

തൊടുപുഴ

നാടിന് ഊര്‍ജമായി കിന്‍ഫ്ര സ്‍പൈസസ് പാര്‍ക്ക് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നാണ്യ, സുഗന്ധവിളകളുടെ ഉറവിട ജില്ലയായ ഇടുക്കിയില്‍ മുട്ടത്ത് തുടങ്ങനാടാണ് എല്ലാ സൗകര്യങ്ങളോടെയും സ്‍പൈസസ് പാര്‍ക്ക് പ്രവര്‍ത്തന സജമാകുന്നത്. 36 ഏക്കറിലാണ് പാര്‍ക്ക് വിഭാവനം ചെയ്‍തിട്ടുള്ളത്. ഇതില്‍ 15 ഏക്കറിലെ ഒന്നാംഘട്ടം 2023 ഒക്‍ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചിരുന്നു. രണ്ടാംഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ​

സുഗന്ധം പരക്കും

നാണ്യവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള നാടാണ്‌ ഇടുക്കി. ഇഞ്ചിയും മഞ്ഞളും ജാതിക്കായും തുടങ്ങിയ ധാരാളം കൃഷികള്‍. എന്നാല്‍ വിളകള്‍ക്ക് ആവശ്യമായ വില ലഭിക്കാത്തത്‌ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അഭാവമാണ്. ഇതിന് പരിഹാരമാകുകയാണ് കിന്‍ഫ്ര സ്‍പൈസസ് പാര്‍ക്കില്‍ വരുന്ന സ്ഥാപനങ്ങള്‍. ഒരിടത്തുതന്നെ വിളകളുടെ സംഭരണം, സംസ്‍കരണം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിതരണം തുടങ്ങിയവ സാധ്യമാകും. കാര്‍ഷിക- വ്യാവസായിക മേഖലയുണരും. മാത്രമല്ല, കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടുതല്‍ കമ്പനികളും സാങ്കേതിക വിദ്യകളും മേഖലയിലേക്കെത്തും. ഇതിലൂടെ വിളകളുടെ വില വര്‍ധിക്കും, കര്‍ഷകര്‍ക്ക് ഗുണഫലങ്ങള്‍ ലഭ്യമാകും. ​

പൂര്‍ണ സജമാകുന്നു

ഒന്നാംഘട്ടത്തിലെ 15 ഏക്കറില്‍ ഒമ്പത് ഏക്കര്‍ 11 സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചു. ഇതിലൂടെ മാത്രം 170 കോടിയോളം രൂപയുടെ നിക്ഷേപവും 600ഓളം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. ഫ്രൂട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പാര്‍ക്കില്‍ നിര്‍മാണ പ്രവര്‍‌ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. അഭിറാം അഗ്രോ ഇന്‍ഡസ്ട്രീസ്, സ്‍പൈസെന്‍സ് എന്നിവയും വൈകാതെ നിര്‍മാണം തുടങ്ങും. 21 ഏക്കറിലാണ് രണ്ടാംഘട്ടം. റോഡുകള്‍, ജല- വൈദ്യുത വിതരണ സൗകര്യങ്ങള്‍, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയുടെ വികസിപ്പിക്കലാണ് മുഖ്യം. 60 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. റോഡ്, ജലസംഭരണി, ചുറ്റുമതില്‍, മലിനജല നിര്‍ഗമന സംവിധാനം, സംരക്ഷണഭിത്തി തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒന്നാംഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ രണ്ടാംഘട്ടത്തിലെ ഭൂമിയില്‍ അനുവദിക്കുന്ന വ്യവസായങ്ങള്‍ക്കും പ്രയോജനപ്പെടും. ആകെ 23.73 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 16.78 കോടി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു. ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്പനികള്‍ക്ക് സ്ഥലം കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home