മലയോര ഹൈവേ, ജനകീയ സർക്കാരിന്റെ ഇച്ഛാശക്തി
അഭിമാനം, ആവേശം


സ്വന്തം ലേഖകൻ
Published on Feb 23, 2026, 12:15 AM | 1 min read
ഇടുക്കി
ഇതാ റോഡ് വികസനം അസാധ്യമല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് ജനകീയ സർക്കാർ. സർക്കാരിന്റെ സ്വപ്നപാത നാടിന് തുറന്നത് എല്ലാ പൊതുജനങ്ങളുടെയും പിന്തുണയോടെ. വികസന വെളിച്ചത്തിന്റെ സംതൃപ്തിയും അഭിമാനവും എല്ലാവരിലും തുടിച്ചുനിന്ന അന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ വൻ ആവേശമായി. കുട്ടിക്കാനം മുതല്‍ പുളിയന്‍മലവരെ 40.050 കിലോ മീറ്ററിലാണ് മലയോര ഹൈവേ. കിഫ്ബിയില്‍നിന്നും 235 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 2017 ല്‍ 203.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്ത് വരെയുള്ള ഭാഗവും തുടര്‍ന്ന് തൊട്ടടുത്ത മൂന്ന് ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന --– ഇടുക്കിക്കവല മുതല്‍ പുളിയന്‍മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതിക വിദ്യയോടെ ബിഎംബിസി നിലവാരത്തില്‍ ഒന്പത് മീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, സ്പോർട്സ് കൗൺസിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി.










0 comments