ad
Deshabhimani

വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം

നാണക്കേടാണ്... നഗരസഭേ

ktpna

മഴയെ തുടര്‍ന്ന് കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Mar 19, 2026, 12:30 AM | 1 min read

കട്ടപ്പന

വേനല്‍മഴയില്‍ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ 'കുള'മായതോടെ വ്യാപാരികളും യാത്രക്കാരും വലയുന്നു. കാലപ്പഴക്കംചെന്ന മേല്‍ക്കൂരയില്‍നിന്ന് ടെര്‍മിനലിനുള്ളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ യാത്രക്കാര്‍ പമ്പ കടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്കുമുമ്പിലും പരിസരങ്ങളിലും മഴവെള്ളം നിറഞ്ഞ് ചെളിക്കുണ്ടായതോടെ വ്യാപാരികളും 'പെട്ടു'. അറ്റകുറ്റപ്പണി നടത്താതെ അവഗണിക്കുന്ന നഗരസഭ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായി. മഴ പെയ്യുമ്പോള്‍ ടെര്‍മിനല്‍ പലസ്ഥലങ്ങളിലായി ചോര്‍ന്നൊലിക്കുകയാണ്. ആളുകള്‍ കെട്ടിടത്തിനുള്ളില്‍ നനഞ്ഞുനില്‍ക്കേണ്ട ഗതികേടിലാണ്. കടമുറികളുടെ പരിസരത്തേക്ക്‌ മലിനജലവും ഒലിച്ചെത്തുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ക്ക് കടന്നുപോകുന്നത്. ടൈല്‍ പതിച്ച തറയിലൂടെ പോകുമ്പോള്‍ ശ്രദ്ധ തെറ്റിയാല്‍ നിലത്തുവീഴും. സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ച് 15 വര്‍ഷമായിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'തട്ടിക്കൂട്ട്' അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും പ്രഹസനമായി മാറി. യാത്രക്കാര്‍ക്കായുള്ള ഇരിപ്പിടങ്ങളും തുരുമ്പെടുത്ത് നശിച്ചു. സ്റ്റാന്‍ഡിന്റെ വശങ്ങളില്‍ ഓടകള്‍ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ ഭൂരിഭാഗവും തകര്‍ന്നതോടെ വെള്ളക്കെട്ടും രൂക്ഷപ്പെടുകയാണ്. ടെര്‍മിനലില്‍ ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെ 30ലേറെ കടകളുണ്ടെങ്കിലും ഇതുവരെ കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടില്ല. സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ പണം കൊടുത്താണ് കച്ചവടക്കാര്‍ വെള്ളം വാങ്ങുന്നത്. ഇവിടുത്തെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കുമായി ടെര്‍മിനലില്‍ ശുചിമുറി സൗകര്യവുമില്ല. കട്ടപ്പന പഞ്ചായത്തായിരുന്ന കാലയളവില്‍ 2010 മെയ് 29നാണ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്. 2011 ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ ടെര്‍മിനലിന്റെ ഉള്‍വശം മഴക്കാലത്ത് ചോര്‍ന്നുതുടങ്ങി. കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കാരണം. സ്റ്റാന്‍ഡ് നവീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനങ്ങളും പാഴായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home