തൊഴിലാളികള്‍ക്ക് ആശ്വാസം
തോട്ടം ലയം നവീകരണ പദ്ധതിയില്‍ ജില്ലയ്ക്ക് രണ്ട് കോടി


സ്വന്തം ലേഖകൻ
Published on Jan 05, 2026, 10:38 PM | 1 min read
കട്ടപ്പന
സംസ്ഥാന സര്‍ക്കാരിന്റെ തോട്ടം ലയം നവീകരണ പദ്ധതിയില്‍ ജില്ലയ്ക്ക് രണ്ടുകോടി രൂപ അനുവദിച്ചു. ലയങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസമാകും. തോട്ടം രജിസ്‌ട്രേഷനും സ്വന്തമായി ലയങ്ങളുമുള്ള തോട്ടമുടമകള്‍ക്ക് ലയങ്ങള്‍ നവീകരിക്കാനും പുതിയത് നിര്‍മിക്കാനുമായി തുക ചെലവഴിക്കാം. മേല്‍ക്കൂര- അടിത്തറ നിര്‍മാണം, പുനര്‍ വൈദ്യുതീകരണം, സിമന്റ് ഉപയോഗിച്ച് ഭിത്തി നവീകരണം, മുറി നിര്‍മാണം, ശുചിമുറി സൗകര്യം മെച്ചപ്പെടുത്തല്‍, ശുദ്ധജലവിതരണം എന്നിവയ്ക്കായാണ് തുക ചെലവഴിക്കുക.
നിര്‍മാണച്ചെലവിന്റെ 30 ശതമാനമായ 50,000 രൂപ വരെ സബ്‌സിഡിയായി നല്‍കും. പുതുതായി നിര്‍മിക്കുന്ന ഓരോ ലയത്തിനും പരമാവധി രണ്ടുലക്ഷം രൂപ വരെയും സബ്‌സിഡി ഉണ്ടാകും. വിശദമായ പദ്ധതി രേഖ തയ്യാറാക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. തോട്ടം രജിസ്‌ട്രേഷന്റെ പകര്‍പ്പും സമര്‍പ്പിക്കണം.
വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അധ്യക്ഷനായ ഡിപിആര്‍ അപ്രൂവിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നതോടെ നിര്‍മാണം ആരംഭിക്കാം. ജോലി പൂര്‍ത്തീകരിച്ചശേഷം ജില്ലാ വ്യവസായ കേന്ദ്രത്തെ രേഖാമൂലം അറിയിക്കുമ്പോള്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി പരിശോധന നടത്തി ഫണ്ട് നല്‍കും.
56 എസ്റ്റേറ്റുകള്‍ പദ്ധതി രേഖ നല്‍കി
നിലവിലെയും കഴിഞ്ഞതുമായ സാമ്പത്തിക വര്‍ഷങ്ങളില്‍ ജില്ലയിലെ 56 എസ്റ്റേറ്റുകളില്‍നിന്ന് പദ്ധതി രേഖ നല്‍കിയിട്ടുണ്ട്. 1454 ലയങ്ങള്‍ നവീകരിക്കാനും 165 ലയങ്ങള്‍ പുതുതായി നിര്‍മിക്കാനുമായാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 334 യൂണിറ്റുകള്‍ നവീകരിച്ചതിനും 12 യൂണിറ്റുകള്‍ നിര്‍മിച്ചതിനുമായി 80,81,106 രൂപ സബ്‌സിഡിയായി നല്‍കി. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 1120 യൂണിറ്റുകള്‍ നവീകരിക്കാനും 153 യൂണിറ്റുകള്‍ പുതുതായി നിര്‍മിക്കാനുമായാണ് രണ്ടുകോടി അനുവദിച്ചത്. ഫെബ്രുവരിയില്‍ തുക അനുവദിക്കും.









0 comments