ഉടുമ്പന്നൂരിന്റെ ഉൾനാടുകളിലേക്ക്
ഇതാ ഗ്രാമവണ്ടി


സ്വന്തം ലേഖകൻ
Published on Oct 06, 2025, 12:15 AM | 1 min read
കരിമണ്ണൂർ
ഉടുമ്പന്നൂരിന്റെ ഉൾനാടുകളിലേക്ക് പഞ്ചായത്തിന്റെ ഗ്രാമവണ്ടിയെത്തുന്നു. കെഎസ്‌ആർടിസിയുമായി സഹകരിച്ചാണ് ഗതാഗതക്ലേശം പരിഹരിക്കാൻ ഉടുമ്പന്നൂർ പഞ്ചായത്ത് പുതിയ പദ്ധതി തുടങ്ങുന്നത്. തിങ്കൾ രാവിലെ എട്ടിന് പാറേക്കവലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷനാകും. കെഎസ്‌ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. പൊതുഗതാഗത സംവിധാനംക്കുറവുള്ള പ്രദേശങ്ങളെ കോർത്തിണക്കിയാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്. കുടുംബാരോഗ്യകേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഉടുമ്പന്നൂർ ടൗൺ എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് ഇല്ലായിരുന്നു. ഉടുന്പന്നൂർ, തട്ടക്കുഴ, അമയപ്ര, ചീനിക്കുഴി, കച്ചിറാമുഴി, മഞ്ചിക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് പഞ്ചായത്തിന്റെ പദ്ധതി ഏറെ ആശ്വാസമാകും. പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചിട്ടുണ്ട്. ആശുപത്രി ലാബിൽ വനിതകളുടെ പരിശോധനകൾ സൗജന്യമാക്കിയിട്ടുമുണ്ട്. ഇവിടേയ്ക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർക്ക് പ്രതിദിനമെത്താൻ ഗതാഗതക്ലേശമുണ്ടായിരുന്നു. ഗ്രാമവണ്ടി വരുന്നതോടെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. വണ്ടിയുടെ ഡീസൽ ചെലവ് പഞ്ചായത്ത് തനത് ഫണ്ടിലൂടെയും സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തും. ബസിന്റെ അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ കെഎസ്‌ആർടിസിയും വഹിക്കും. ജില്ലയിലാദ്യമായി ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്താണ് ഉടുമ്പന്നൂർ.








0 comments