ഓണപ്പൂവിളിയായ്

ഉടുമ്പന്നൂർ പഞ്ചായത്തിലെ പൂപ്പാടങ്ങളുടെ വിളവടുപ്പ് പ്രസിഡന്റ് എ ലതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 30, 2025, 12:15 AM | 1 min read
കരിമണ്ണൂർ
ഓണത്തിന് ഇക്കുറിയും ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങളിൽനിന്നും പൂവിളി ഉയരും. പ്രതികൂല കാലാവസ്ഥയെതുടർന്ന് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിളവ് കുറഞ്ഞെങ്കിലും, കനത്തമഴയെ അതിജീവിച്ച ചെണ്ടുമല്ലിച്ചെടികളെല്ലാം പൂവിട്ടു. കഴിഞ്ഞവർഷം 14,000 തൈകൾനട്ട് മികച്ച വിളവ് ലഭിച്ചിരുന്നു. ഇക്കുറി 20,000 തൈകളാണ് നട്ടത്. അഞ്ചുരൂപയുള്ള തൈകൾ പഞ്ചായത്തിൽനിന്ന് 1.25 രൂപയ്ക്ക് സബ്സിഡിയായി ലഭിച്ചു. ഹെക്ടറിന് 16,000 രൂപ നിരക്കിൽ കൂലിച്ചെലവിന് സബ്സിഡിയും നൽകി.
വിവിധ കൃഷിക്കൂട്ടങ്ങളും കുടുംബശ്രീ ഗ്രൂപ്പുകളുംചേർന്ന് 19 ഇടങ്ങളിലായാണ് കൃഷിയിറക്കിയത്. കഴിഞ്ഞതവണ 1000 കിലോയോളം പൂക്കൾ വിൽപ്പന നടത്തിയിരുന്നു. പക്ഷെ കാലംതെറ്റിപെയ്ത കനത്തമഴയും തുടർന്ന് കഠിനമായ വെയിലും ഇത്തവണ വില്ലനായി. വിളവ് പകുതിയോളം കുറഞ്ഞു. എങ്കിലും നിരാശരാകാതെ അതിജീവിച്ച ചെടികളുമായി പൊരുതി. പഞ്ചായത്തും കൃഷിഭവനും പിന്തുണയുമായി ഒപ്പം നിന്നു. വിളവെടുത്തവ വിൽപ്പനയ്‌ക്കെത്തിച്ചുതുടങ്ങി. കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽപ്പന. വിവിധ പ്രദേശങ്ങളിൽ നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന രവീന്ദ്രൻ, വാർഡംഗം ജിൻസി സാജൻ, സെക്രട്ടറി ജെ എസ് ഷമീന തുടങ്ങിയവർ സംസാരിച്ചു.








0 comments