മലയോരത്തിന്റെ ആരോഗ്യക്കരുത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2025, 03:30 AM | 2 min read

ഇടുക്കി ജില്ലാ ആസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി മെഡിക്കൽ കോളേജ്‌ മലയോര ജനതയുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നമാണ്‌. പിന്നാക്കമെന്ന വിശേഷണം പാടിപാടി പതിഞ്ഞുപോയ ജില്ലയുടെ ആരോഗ്യ–ചികിത്സാ മേഖലയ്‌ക്ക്‌ ഊർജം പകർന്നാണ്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കിയത്‌. തുടക്കത്തിലെ ബാലാരിഷ്‌ടതകൾ കടന്ന്‌ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സമാനതകളില്ലാത്ത വികസനവിപ്ലവമാണുണ്ടായത്‌. വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം, കോലഞ്ചേരി, തേനി മെഡിക്കൽ കോളജുകളെയും മറ്റ്‌ വൻകിട സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരുന്ന ഇടുക്കിക്കാർക്ക്‌ സ്വന്തം മെഡിക്കൽ കോളേജ്‌ അഭിമാനസ്‌തംഭമായി മാറി. ജില്ലാ ആശുപത്രിയുടെ നിലവാരം ഉയർത്തി 2014ലാണ്‌ മെഡിക്കൽ കോളേജ് സ്ഥാപിതമായതെങ്കിലും കരുത്തോടെ ഉയർന്നുനിന്നത്‌ എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്താണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ 
ഇച്ഛാശക്തി ഉമ്മൻ ചാണ്ടി സർക്കാർ തകരഷെഡിൽ ആരംഭിച്ച മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായിരുന്നില്ല. 2014ൽ 50 വിദ്യാർഥികൾക്ക് പ്രവേശനം നൽകി ആരംഭിച്ച മെഡിക്കൽ കോളേജിൽ ആദ്യ രണ്ടുവർഷം മാത്രമാണ് ക്ലാസുകൾ നടന്നത്. 2015ൽ രണ്ടാം ബാച്ചിനു നിബന്ധനകളോടെയാണ് അനുമതി നൽകിയത്. അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പലവട്ടം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളജ് അധികൃതരോ സംസ്ഥാന സർക്കാരോ അതിനു തയ്യാറായില്ല. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടതോടെ ഇടുക്കിയ്ക്ക് മെഡിക്കൽ കോളേജ് നഷ്ടമായി. പിന്നീട്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ മെഡിക്കൽ കോളേജ്‌ തിരികെ ലഭിച്ചത്‌. 2022 ഫെബ്രുവരിയിൽ പരിശോധന നടത്തിയ എൻഎംസി സംഘത്തിന്റെ നിർദേശത്തെ തുടർന്ന്‌ യുദ്ധകാലാടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഒരുക്കി നൽകി. 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ 300 കിടക്കകളും അതിനനുസരിച്ചുള്ള ജീവനക്കാരും മറ്റ് അടിസ്ഥാന സൗകങ്ങളും യാഥാർഥ്യമാക്കിയാണ് അംഗീകാരം നേടിയെടുത്തത്. എം എം മണി എംഎൽഎ മന്ത്രിയായിരുന്ന കാലത്ത്‌ സിഎസ്‌ആർ ഫണ്ടിൽനിന്ന് 10 കോടി രൂപ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി നൽകി. വൈറോളജി ലാബ്, സിടിഎം ആർഐ, ഡയാലിസിസ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതും ഈ ഘട്ടത്തിലാണ്‌. പിന്നീട്‌ തുടർവികസനത്തിനായി ചെലവഴിച്ചത്‌ കോടികൾ. എംബിബിഎസിന്‌ 100 സീറ്റ്‌ എംബിബിഎസ് പുനരാരംഭിക്കാൻ അനുമതി തേടുകയും എൻഎംസിയുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്‌തതോടെ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതിയത്‌ ഇടുക്കിക്ക്‌ തിരികെ ലഭിച്ചു. മുമ്പുണ്ടായിരുന്ന 50 സീറ്റ് 100 സീറ്റാക്കി വർധിപ്പിക്കാനായത്‌ സംസ്ഥാന സർക്കാരിന്റെ നേട്ടമായി. എൻഎംസി മാനദണ്ഡപ്രകാരമുള്ള 85 തസ്‌തികകൾ സർക്കാർ അനുവദിച്ചു. കൂടാതെ 51 സീനിയർ റെസിഡന്റ്‌ തസ്‌തികകളും സൃഷ്‌ടിച്ചു. ഇതിൽ 38 നിയമനങ്ങൾ നടത്തി. എംബിബിഎസ് സീറ്റുകൾക്ക്‌ പുറമെ 60 ബിഎസ്‌സി നഴ്‌സിങ് സീറ്റുകളും അനുവദിച്ചു. സേവനപാതയിൽ മുന്നോട്ട്‌ വ്യത്യസ്‌ത വിഭാഗങ്ങളിലായി ദിവസം 1000ത്തോളം ഒപിയും 150-–200 അത്യാഹിത ഒപിയും 200ഓളം കിടത്തി ചികിത്സയും നൽകിവരുന്നു. ശിശുരോഗം, മാനസികാരോഗ്യം, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശ്വാസകോശവിഭാഗം, ഒഫ്‌താൽമോളജി, ഇഎൻടി, ത്വക്ക് രോഗം, ദന്തരോഗം, അസ്ഥിരോഗവിഭാഗം, പിഎംആർ എന്നീ വിഭാഗങ്ങളിലായി വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, അത്യാഹിത വിഭാഗം, രക്തബാങ്ക്, ഇസിജി, എക്‌സ്‌റേ, സിടി സ്‌കാൻ, മോർച്ചറി എന്നിവ സജ്ജമാണ്‌. സർക്കാർ പദ്ധതിയായ ജെഎസ്എസ്‌കെ, ജെഎസ്‌വൈ, ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്, മാതൃയാനം, ആർബിഎസ്‌കെ, ആരോഗ്യകിരണം മുതലായ സേവനങ്ങളും ലഭിക്കും. മൂന്ന്‌ ഷിഫ്റ്റുകളിലായി ഡയാലിസിസ്, ക്ലബ്ഫുട്ട് ക്ലിനിക്കുകൾ, താക്കോൽദ്വാര ശസ്ത്രക്രിയ, ജീവിതശൈലീ രോഗനിർണയ ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്‌പ്, കൗമാര ആരോഗ്യ ക്ലിനിക്ക്, നവജാത ശിശുപരിശോധന എന്നിവയും നടക്കുന്നു. മെഡിക്കൽ കോളേജിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രവും(ഡിഇഐസി) പ്രവർത്തിക്കുന്നുണ്ട്. വികസന മുന്നേറ്റം തുടരും മെഡിക്കൽ കോളജിനോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്കായുള്ള പുതിയ ബ്ലോക്കുകളുടെ നിർമാണം പൂർത്തിയാക്കി. നിലവിലുള്ള ജില്ലാ ആശുപത്രി നവീകരിച്ച് മാതൃ–ശിശുവിഭാഗം ബ്ലോക്കാക്കി. മെഡിക്കൽ കോളേജിന് പുതിയതായി 50 ഏക്കർ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. നഴ്‌സിങ്‌ കോളേജിനായി സ്ഥലവും കണ്ടെത്തി. കെട്ടിടം നിർമിക്കൽ, അനുബന്ധ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയ നടപടികൾ ഉടൻ പൂർത്തിയാക്കും. വിവിധ വിഭാഗങ്ങൾക്കായുള്ള ആറ്‌ ഓപ്പറേഷൻ തിയറ്ററുകൾ നിർമാണ ഘട്ടത്തിലാണ്‌. ഇന്റേണൽ റോഡുകളുടെ നവീകരണത്തിനായി- 16 കോടി രൂപയും 11 കെവി ഫീഡർ സ്ഥാപിക്കാൻ -ഒമ്പത്‌ കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home