സദ്യ വിളമ്പി എംഎൽഎ
ഓണക്കോടിയുടുത്ത് ഇടമലക്കുടി

ഇടമലക്കുടിയിൽ അഡ്വ. എ രാജ എംഎൽഎ ഓണസദ്യ വിളമ്പുന്നു
മൂന്നാർ
കളറായി ഇടമലക്കുടിക്കാരുടെ ഓണാഘോഷം. കേരളത്തിലെ ആദ്യ ഗോത്രവർഗപഞ്ചായത്തിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചായിരുന്നു ആഘോഷം. വിവിധ ഉന്നതികളിൽനിന്ന് നൂറുകണക്കിന് പേർ സൊസൈറ്റി കുടിയിൽ ഒത്തുകൂടി. ഉന്നതിയിലെ കാണിമാർക്കും ഊരുമൂപ്പന്മാർക്കും നിവാസികൾക്കും അഡ്വ. എ രാജ എംഎൽഎ ഓണക്കോടി നൽകി. എല്ലാവരും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു. ഓണക്കോടി കിട്ടിയതിലുള്ള സന്തോഷവും ഇവർ പങ്കുവച്ചു. പായസം ഉൾപ്പെടെ വിഭവങ്ങളുംകൂട്ടിയുള്ള ഓണസദ്യ ആസ്വദിച്ചു. സദ്യ വിളമ്പാൻ എംഎൽഎയും പങ്കാളിയായി. ഓണത്തിന് സർക്കാർ നൽകിയ ഓണക്കിറ്റ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ മുതിർന്നവർക്ക് രണ്ട് മാസത്തെ പെൻഷൻ 3200 രൂപ, 60 വയസ് കഴിഞ്ഞവർക്ക് പട്ടിവർഗ വകുപ്പ് വഴി നൽകിയ 1000 രൂപയും കൈകളിൽ എത്തി. ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് വേണ്ടി എൽഡിഎഫ് സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നതിയിലെ ആദിവാസികൾ ബോധവാന്മാരാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആദിവാസികളെ ബോധിപ്പിക്കുന്നതിനും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉത്സവമായ ഓണം ആഘോഷിക്കുന്നതിനും വേണ്ടിയാണ് ഇടമലക്കുടിയിൽ പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ഒ ആർ കേളുവിന്റെ ഓണാശംസയും ഉന്നതികാരെ തേടിയെത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ വിജയൻ, മൂന്നാർ ഏരിയ കമ്മിറ്റിയംഗം എ രാജേന്ദ്രൻ എന്നിവരും ആഘോഷങ്ങളിൽ പങ്ക്ചേർന്നു.








0 comments