വേനൽ കടുത്തു
കാർഷികമേഖലയിലെ പച്ചപ്പ് മായുന്നു

കരിഞ്ഞുണങ്ങിയ ഏലത്തോട്ടം
ജോബി ജോർജ്
Published on Apr 13, 2026, 12:15 AM | 1 min read
ഇടുക്കി
ഹൈറേഞ്ചിൽ കാര്യമായ മഴലഭിക്കാത്തതോടെ ചെറുകിട ഏലത്തോട്ടങ്ങളുടെ പച്ചപ്പ് മായുന്നു. പച്ചനെറ്റ് കെട്ടിയെങ്കിലും ഒരുമഴപോലും കിട്ടാത്തയിടങ്ങളിൽ വിളകൾ ഉണക്ക് കടുത്തു. ശരം ഉണങ്ങിപ്പോയതോടെ വിളയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. പെരുന്തൊട്ടി, തോംപ്രാംകുടി, വഴവര, ഇടുക്കി എട്ടാംമൈൽ തുടങ്ങിയിടങ്ങളിലൊന്നും കാര്യമായ മഴ ലഭിച്ചിട്ടില്ല. ഫലത്തിൽ തോടുകളും ചെറിയ കുടിവെള്ള സ്രോതസ്സുകൾ എല്ലാം വറ്റി. ഇതോടെ ഏലച്ചെടികൾ നനയ്‌ക്കാനും വഴിയില്ലാതായി. ഉയർന്ന പ്രദേശങ്ങളിൽ ഏലച്ചെടികളുടെ ചിന്പ് ഒടിഞ്ഞുവീഴുന്നുണ്ട്.
ഏലത്തിന് വേനൽക്കാലത്ത് കുരുടിപ്പ് രോഗം, മഞ്ഞളിപ്പ് രോഗം, ഫംഗസ് ബാധ എന്നിവയും തണ്ടുതുരപ്പന്റെ ആക്രമണവും കൂടുതലാണ്. ഭീമമായ വളം കീടനാശിനി ചെലവിനൊപ്പം നനയ്‌ക്കാൻ വെളളവും വാങ്ങേണ്ട ഗതികേടിലാണ് കർഷകർ. ശനിയാഴ്‌ച ഏലക്ക ഇ ലേലത്തിന് 2400–2538 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ഓഫ് സീസണിലും വിലയിൽ കാര്യമായ വർധനയില്ല. പച്ച ഏലക്കായ്‌ക്ക് കിലോ 410– 490 രൂപവരെയാണ് വിപണി വിലയുള്ളത്.
കാപ്പി പൂത്തെങ്കിലും കായ്‌ച്ചില്ല
കാപ്പിപൂത്തെങ്കിലും മഴ ലഭിക്കാത്തതിനാൽ കായ് പിടിക്കാത്ത സാഹചര്യമാണുണ്ടായത്. വിളവെടുപ്പ് സീസണായ– നവംബർ– ഡിസംബർ കാലയളവിൽ മഴപെയ്തതും പ്രതികൂലമായി. വിളവ് കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം ആവശ്യമാണ്. പ്രത്യേകിച്ച് പൂവിട്ട ശേഷം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാപ്പിക്കുരു പഴുക്കാത്തതിനാൽ ജനുവരി–-മാർച്ച് മാസങ്ങളിലെ വിളവെടുപ്പ് താമസിച്ചു. മഴയോടൊപ്പം പൂക്കുന്ന കാപ്പിപ്പൂക്കൾ, പൂവിട്ടെങ്കിലും തുടർ മഴലഭിക്കാത്തതിനാൽ കൊഴിഞ്ഞുപോയതായും കർഷകർ പറയുന്നു. വർഷവിളയായ കാപ്പിയ്‌ക്ക് കഴിഞ്ഞ രണ്ടുവർഷമായിട്ടാണ് തൊണ്ടുപുറം 200 രൂപയും കാപ്പി പരിപ്പിന് 360 രൂപയും ലഭിക്കുന്നത്. നൂറ് ഗ്രാം കാപ്പിപൊടിക്ക് 80 രൂപയുമാണ് വിപണി വില. എന്നാൽ കാലാവസ്ഥ വ്യതിയാനം ചതിച്ചതിന്റെ വ്യഥയാണ് കർഷകർക്കുള്ളത്.
പച്ചക്കറി വാടി
വരൾച്ച രൂക്ഷമായതു കാരണം പച്ചക്കറി കൃഷിയിൽ വിളവു കുറയുന്നു. കണി വെള്ളരി, പാവൽ, പടംവലം എന്നിവയ്ക്ക് ചൂടുതാങ്ങാനാവുന്നില്ല.വേനലിൽ പിടിച്ചു നിന്ന കോവൽ, പയർ എന്നിവ സംരക്ഷിച്ചു നില നിർത്താനാണ് ശ്രമം. കാന്തല്ലൂർ മേഖലയിൽ ദൂരസ്ഥലങ്ങളിൽനിന്ന് വെളളം തലച്ചുമടായിഎത്തിച്ചാണ് കൃഷി നടത്തുന്നത്. പച്ചക്കറിയ്‌ക്ക് വിവിധയിനം കീടബാധകളുമുണ്ടാകുന്നുണ്ട്.










0 comments